UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Wednesday 3 June 2015



വീണ്ടും മധുരിക്കുന്ന ഒട്ടേറെ ഒാര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ട് ഒരു പ്രവേശനോത്സവം കൂടി...................................
പതിവു പോലെ കൂട്ടുകാരുടെ ശബ്ദവും, കുട്ടിത്തങ്ങളും പേറി എന്‍റെ വിദ്യാലയങ്ങള്‍ ഉണര്‍ന്നു.  എല്ലാ സ്കൂളുകളിലും ഘോഷയാത്രയുള്‍പ്പെടെ ഗംഭീരമായ ഒരുക്കങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു.  എന്‍റെ കൂട്ടുകാര്‍ക്ക് കൂട്ടായി പതിവിനു വിപരീതമായി രൗദ്രഭാവം വെടിഞ്ഞ് സ്നേഹസ്പര്‍ശവുമായി മഴയും കൂട്ടിനെത്തി........... പുതിയ കൂട്ടുകാര്‍ തൊപ്പി ധരിച്ച് ചിരിച്ചും, ചിണുങ്ങിയും ബലൂണുകളെ കൂട്ടുപിടിച്ചും വിദ്യാലയ മുറ്റങ്ങളില്‍ ഒത്തു കൂടി............ എല്ലാ വിദ്യാലയത്തിലും വിദ്യാലയ സമൂഹം ഇവര്‍ക്ക് പഠനകിറ്റും, പുത്തന്‍ മണമുള്ള യൂണിഫോമും, പാഠപുസ്തകങ്ങളും നല്‍കുകയുണ്ടായി. കൂട്ടത്തില്‍ മധുരപലഹാര വിതരണമെത്തിയപ്പോള്‍ കൂട്ടുകാരുടെ ആവേശം ഉണര്‍ന്നത് കൗതുകരമായ കാഴ്ചയായി.....................

പതിവുപോലെ 3 വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു.   ബി ആര്‍ സി യുടെയും എച്ച് എം ഫോറത്തിന്‍റെയും കൂട്ടായ തീരുമാനങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ അതി ഗംഭീരമായിരുന്നു അതിന്‍റെ പ്രതിഫലനം.  പുത്തന്‍ കൂട്ടുകാരെ വരവേല്‍ക്കുന്നതിനും സ്കൂളിലെ ആദ്യദിനം അവര്‍ക്ക് രസകരമാക്കുവാനും വേണ്ടി നടത്തിയ ഒരുക്കങ്ങള്‍ വിദ്യാലയ സമൂഹം നെഞ്ചിലേറ്റിയതായി അനുഭവപ്പെട്ടു. അത്രയ്ക്ക് ഹൃദ്യവും മനോഹരവുമായിരുന്നു.
  ബി ആര്‍ സി തലപ്രവേശനോത്സവം ഗവ.യുപിഎസ് പുതിച്ചലില്‍ വച്ചായിരുന്നു.  വര്‍ണ്ണശബളമായ ഘോഷയാത്രയും, ഗംഭീര സദസ്സും ഇതിന് മോടി കൂട്ടി. ഈ വിദ്യാലയത്തിലെ പുതിയ 105 കൂട്ടുകാരും അക്ഷരത്തൊപ്പി ധരിച്ച് മണ്‍ ചിരാതുകളില്‍ അക്ഷരാഗ്നി ജ്വലിപ്പിച്ചു.  ഇത് ഹൃദ്യമായ അനുഭവമായി മാറി.  കൂട്ടത്തില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം 2014-15 ലെ ഈ സ്കൂളിന്‍റെ മികവുകളുടെ പ്രദര്‍ശനമായിരുന്നു.  പ്രസംഗത്തെക്കാള്‍ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുവാന്‍ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും അവസരം ലഭിച്ചു.  ചില നിമിഷങ്ങള്‍ ചുവടെ ചേര്‍ക്കട്ടെ.










പതിവു പോലെ ഈ സബ്ജില്ലയിലെ പ്രവേശനോത്സവം ഗംഭീരമാക്കാന്‍ സഹായിച്ച രക്ഷകര്‍ത്താക്കള്‍, അദ്ധ്യാപകര്‍, ബിപിഒ, ബിആര്‍ സി യിലെ പ്രവര്‍ത്തകള്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ മനസ്സു കൊണ്ട് മുത്ത് നമസ്ക്കരിക്കുന്നു.  ഇവര്‍ക്ക് എന്‍റെ അഭിനന്ദനങ്ങള്‍......................
    നിങ്ങളുടെ കൂട്ടായ്മ തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട് ..............
ജൂണ്‍ 5 - ലോക പരിസ്ഥിതി ദിനം

ഒരു വിദ്യാലയ വര്‍ഷത്തിന്‍റെ ആരംഭത്തില്‍ പഠന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായ ദിനാചരണങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ജൂണ്‍ 5.  ആഗോള കാലാവസ്ഥയില്‍ വന്ന മാറ്റവും പ്രകൃതി സന്പത്തുക്കളുടെ അമിത ചൂഷണവും, പ്രകൃതിയെ മറന്നുകൊണ്ടുള്ള മനുഷ്യന്‍റെ ജീവിതചര്യയും പുതിയ പുതി പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.  ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഹനിക്കുന്നു. ---- ഇത് ജീവന്‍റെ നിലനില്‍പിന് ആദാരമായ ജലസന്പത്തിന്‍റെ ദൗര്‍ലഭ്യം സൃഷ്ടിക്കുന്നു.  ഇതു കാരണം ഭൂമിയിലെ കരയുടെ കൂടുതല്‍ ഭാഗം മരുഭൂമിയായി മാറുന്നു.  ഇതിനു മാറ്റം വരേണ്ടത് പുതിയ തലമുറയുടെ സ്വതന്ത്രമായ നിനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.



        ഭൂമിയുടെ ശ്വാസകോശങ്ങളാണ് വനങ്ങള്‍ - പ്രകൃതിയുടെ വരദാനം- മരങ്ങളെ സംരക്ഷിക്കുക-- വച്ച് പിടിപ്പിക്കുക എന്നിവ നമ്മുടെ കടമയാണെന്ന് നാം മനസ്സിലാക്കണം - ഇത് നമ്മുടെ കൂട്ടുകാര്‍ക്ക് ബോധ്യമാകുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ ആസൂത്രണം ചെയ്യണം.







അതുപോലെ ഇന്ന് നാം നേരിടുന്ന പരിസ്ഥതി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യണം--   ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ചില സസ്യലതാദികളുടെയും വിത്തുകള്‍ പരിരക്ഷിച്ച് തലമുറകള്‍ക്കായി സൂക്ഷിച്ച് വയ്ക്കുന്നത് അനുയോജ്യമായ പാരിസ്ഥിതിക പ്രദേശങ്ങളായ കാടുകളിലാണ്.  പറഞ്ഞാലും പറഞ്ഞാലും തീരാത്ത പ്രകൃതി രഹസ്യങ്ങള്‍ വനങ്ങള്‍ കാത്തു സൂക്ഷിക്കുന്നുണ്ട്.  അതിനാല്‍ നമുക്കും പ്രകൃതിയോട് കൂട്ടുകൂടാം.  ഈ പരിസ്ഥിതി ദിനത്തില്‍ ഒരു മരം നമുക്ക് നടാം.  നട്ടാല്‍ മാത്രം പോര അതിനെ സംരക്ഷിക്കാമെന്നു കൂടി പ്രതിജ്ഞ ചെയ്യാം.


ഇനി ഗൗരവമായി തന്നെ മരം - ഒരു വരം എന്ന വാക്യത്തെ ഉള്‍ക്കൊള്ളാം.


ഒരു മരത്തിന്‍റെ പ്രതിഫലം

 50 വര്‍ഷം പ്രായമുള്ള ഒരു മരം മനുഷ്യന് ഒരു വര്‍ഷം നല്‍കുന്ന സഹായം രൂപയിലാക്കിയ രസകരമായ ഒരു ചാര്‍ട്ട് ചുവടെ കുറിക്കട്ടെ..............
കിലോഗ്രാമിന് 20 രൂപ വച്ച് 5000 കിലോ പ്രാണവായുവിന്‍റെ വില - 10,00,000 /-
അന്തരീക്ഷം മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള പ്രതിഫലം - 10,00,000/-
വെള്ളം തടഞ്ഞു നിര്‍ത്തി നീരാവിയാക്കി മാറ്റുന്നതിന് സഹായിക്കുന്ന പ്രതിഫലം - 13,00,000/-
മൃഗങ്ങള്‍ക്ക് തണലും പക്ഷികള്‍ക്കും താവളവും ഒരുക്കുന്നതിനുള്ള പ്രതിഫലം   - 3,00,000/-
നമുക്ക് നല്‍കുന്ന പ്രോട്ടീന്‍റെ വില      - 25,00,000/-
ആകെ                                                 -      61,00,000/-

ലിയാന്‍ഡോ ഡാവിഞ്ചിയുടെ ആധുനിക പ്രതിരൂപം എന്ന് ഡോക്ടര്‍ സി.വി.രാമന്‍ വിശേഷിപ്പിച്ച ഇന്ത്യയെ ആണവയുഗത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ ശ്രീ.ഹോമി.ജെ.ഭാഭയുടെ വാക്കുകള്‍ ശ്രദ്ധിക്കു.............. "നൂറിലധികം വര്‍ഷം ഒരു സ്ഥലത്തു നില്‍ക്കുന്ന തേന്‍മാവിന് അതേ സ്ഥലത്ത് തന്നെ തുടര്‍ന്ന് നില്‍ക്കുവാന്‍ അവകാശമുണ്ട്.  മനുഷ്യ തുല്യതയെക്കുറിച്ച് നാമെല്ലാപേരും ഒട്ടേറെ സംസാരിക്കാറുണ്ട്. എന്നാല്‍ എനിക്ക് പറയാനുള്ളത് ജൈവ സമൂഹത്തിന്‍റെ സന്തുലനത്തെക്കുറിച്ചും ‌‌ഒാരോ ജന്തു സമൂഹത്തിന്‍റെ അവകാശത്തെക്കുറിച്ചാണ്.............
  കൂട്ടുകാരെ ഈ വാക്കുകളാകട്ടെ നമ്മുടെ ഇന്നത്തെ ചിന്താവിശേഷം.............
പതിവുപോലെ നമുക്ക്  സ്കൂളുകളില്‍ വനം വകുപ്പിന്‍റെ സഹായത്താല്‍ വൃക്ഷത്തൈകള്‍ നമ്മുടെ കൈകളിലെത്തും.
നക്ഷത്രമരങ്ങളാണ് നമ്മുടെ വിദ്യാലയ മുറ്റത്ത് നടുന്നതിനായി ലഭിക്കുന്നത്.  അതുകൊണ്ട് അതിനെ പ്പറ്റി മുത്തിലൂടെ സംസാരിക്കാം. നാളുനോക്കാം -- മരങ്ങള്‍
മുറ്റത്തെ അന്പഴം മുറിക്കാനുള്ള ആലോചന  തുടങ്ങിയപ്പോഴെ മുത്തശ്ശി ഇടപെട്ടു.  അത് മുത്തശ്ശന്‍റെ നാള് നോക്കി വച്ച മരമാണത്രേ. ഇതിന് മാത്രമല്ല വീട്ടുവളപ്പിലെ ഒാരോ മരത്തിനും നാള്‍ ബന്ധം പറഞ്ഞു മുത്തശ്ശി.  നെല്ലി അച്ചന്‍റേത്............. തേന്മാവ് വലിയമ്മയുടേത്............ പ്ലാവ് അമ്മയുടേത് ............. അങ്ങനെയങ്ങനെ............ വിശ്വസങ്ങള്‍ക്കപ്പുറം പ്രകൃതി സംരക്ഷണം ലക്ഷ്യം വച്ചുകൊണ്ട് നമ്മുടെ പൂര്‍വ്വികര്‍ തുടങ്ങി വച്ചതാകണം സസ്യങ്ങളെ മലയാള മാസത്തിലെ നാളുകളുമായി ചേര്‍ത്തുള്ള നിലവിലുള്ള സങ്കല്പം.  അവരവരുടെ നാളുകള്‍ക്ക് ചേര്‍ന്ന സസ്യങ്ങള്‍ നട്ടുവളര്‍ത്തി സംരക്ഷിക്കണമെന്ന വിശ്വാസം.  27 നാളുകള്‍ക്കും നല്‍കിയിരിക്കുന്ന സസ്യങ്ങളെ നമുക്കിനി പരിചയപ്പെടാം.
1. അശ്വതി   -    കാഞ്ഞിരം
        സംസ്കൃതത്തില്‍ കാരസ്കര എന്ന പേരുള്ള കാഞ്ഞിരം ഏകദേശം 20 മീറ്റര്‍ ഉയരത്തില്‍ വളരുന്നു.  ഒരു ഉത്തമ ഔഷധമാണ്.  തടിയില്‍ ചിതല്‍ വരില്ല. ഇതിന്‍റെ ഒാരോ ഭാഗങ്ങളും നാം നേരിട്ടുപയോഗിച്ചാല്‍ വിഷപ്രദമാണ്.
2.  ഭരണി       -    നെല്ലി 
        സംസ് കൃതത്തില്‍ ആമ് ല എന്ന പേരുള്ള നെല്ലി ഇന്ത്യയില്‍ ഉടനീളം കാണപ്പെടുന്നു.  വൈറ്റമിന്‍ സി യുടെ കലവറയാണ് നെല്ലിക്ക. ഭക്ഷ്യ ഒൗഷധമാണ്.  ഇലപൊഴിക്കുന്ന ഇടത്തരം വൃക്ഷം.
3. കാര്‍ത്തിക    -   അത്തി
     സംസ് കൃതത്തില്‍ ഉദുംബര എന്ന പേരുള്ള വൃക്ഷമാണ്.  ഇതിന്‍റെ ഫലം ഭക്ഷണ യോഗ്യമാണ്.  അതോടൊപ്പം ഔഷധവുമാണ്.  അത്തിപ്പഴത്തില്‍ എപ്പോഴും പ്രാണികളെ കാണാറുള്ളതിനാല്‍ ഇതിന് ഇന്‍സെക്ട് ഫിഗ് എന്ന ‌ഒാമനപ്പേരുമുണ്ട്.

4.രോഹിണി   - ഞാവല്‍
      25 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന നിത്യഹരിത വൃക്ഷമാണ്.  നമ്മുടെ നാട്ടില്‍ സൂലഭമാണ്.  ഇതിന്‍റെ ഫലത്തെ കേരള മുന്തിരി എന്ന ഒാമനപ്പേരില്‍അറിയപ്പെടുന്നു.  ഇതിന്‍റെ തൊലി, ഇല, വിത്ത്, ഫലം എന്നിവ ഔഷധപ്രദമാണ്.
5.മകീര്യം         -   കരിങ്ങാലി
ദാഹശമിനിയായി ഉപയോഗിക്കുന്ന ഔഷധവീര്യമുള്ള ചെടിയാണ്. സംസ് കൃതത്തില്‍ ഖദിര എന്നു പറയും.  മുള്ളുകളുള്ള ഇലപൊഴിയും വൃക്ഷമാണ്.  ഔഷധഗുണമുണ്ട്.

6. തിരുവാതിര    -  കരിമരം
    നമ്മുടെ കാടുകളില്‍ സമൃദ്ധിയായി വളരുന്ന കരിമരം വാത ചികിത്സ ക്ക്  ഉപയോഗിക്കുന്നു.  ഇതിന്‍റെ വേരിലും തൊലിയിലും ഔഷധദ്രവ്യങ്ങള്‍ അടങ്ങിയിരിക്കുന്നു.

7. പുണര്‍തം    -    മുള

      വേണു എന്ന സംസ് കൃത പേരില്‍ പ്രസിദ്ധമായ പുല്‍ വര്‍ഗ്ഗമാണിത്.  പാവങ്ങളുടെ മരം എന്നും അറിയപ്പെടുന്നു.  കാട്ടിലും നാട്ടിലും 30 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്‍റെ ധാന്യം രുചികരമായ ഭക്ഷണമാണ്.

8. പൂയം   -     അരയാല്‍

    അശ്വത്ഥ: എന്ന് സംസ് കൃതത്തില്‍ അറിയപ്പെടുന്നു.  നമ്മുടെ നാടിന്‍റെ ദേശീയ വൃക്ഷമായ ഈ ബോധി വൃക്ഷത്തിന്‍റെ ഇലകള്‍ ഏറ്റവും അധികം ഒാക്സിജനെ പുറത്ത് വിടുന്നു.  30 മീറ്ററിലധികം ഉയരത്തില്‍ ഇവ പടര്‍ന്ന് പന്തലിക്കും
9. ആയില്യം   -  നാകം

    സംസ് കൃത ത്തില്‍ നാഗ എന്നു പേരുള്ള ഈ വൃക്ഷം ശ്രീലങ്കയുടെ ദേശീയ വൃക്ഷമാണ്.  ശ്വാസകോശ രോഗങ്ങള്‍ക്കും, ചര്‍മ്മരോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കുന്നു.  100 അടിയോളം ഉയരത്തില്‍ ഇവ വളരുന്നു.
10. മകം - പേരാല്‍

   വട: എന്നാണ് സംസ് കൃതത്തില്‍ ഇതിന്‍റെ പേര്.  30 മീറ്ററിലധികം ഉയരത്തില്‍ വളരുന്നു.  വായവ വേരുകളാല്‍ ശാഖകളെ താങ്ങി നിര്‍ത്തുന്നു.  ഫലങ്ങള്‍ ചെറുതാണ്.  ഇതിന്‍റെ കറയ്ക്ക് നിരവധി ഔഷധഗുണങ്ങള്‍ ഉണ്ട്.

11. പൂരം-   പ്ലാശ്
       ചമതയെന്നു പേരുള്ള ഇതിന്‍റെ സംസ് കൃത നാമം ബ്രഹ്മ വൃക്ഷ എന്നാണ്.  10-15 മീറ്റര്‍ ഉയരം വരെ വളരുന്നു.  അഗ്നിനാളം പോലെ ശോഭയാര്‍ന്ന് പൂത്ത് നില്‍ക്കുന്നതിനാല്‍ ഫ്ലെയിം ആഫ് ഫോറസ്റ്റ് എന്നും ഇതിനെ അറിയപ്പെടുന്നു.

12. ഉത്രം - ഇത്തി
    ഉദുംബര എന്നാണ് ഇതിന്‍റെ സംസ് കൃത നാമം. ഇത്തിരിയാല്‍ ലോപിച്ചാണ് ഇത്തിയായി മാറിയതത്രെ.  ഇതിന്‍റെ തൊലി, പൂമൊട്ട്, കായ് എന്നീ ഭാഗങ്ങള്‍ രക്തശുദ്ധിക്ക് ആയുര്‍വ്വേദത്തില്‍ ഉപയോഗിച്ചു വരുന്നു.
13. അത്തം   - അന്പഴം
      പുളിയുള്ള ഫലങ്ങള്‍ തരുന്നു  -- നിത്യഹരിത വനത്തിലും നാട്ടിന്‍പുറങ്ങളിലും സുലഭമായി കാണുന്നു.  25 മീറ്റര്‍ ഉയരത്തില്‍ വളരുന്നു.  തൊലിയും ഇലയും ഔഷധ ഗുണമുള്ളവയാണ്.
14.  ചിത്തിര  - കൂവളം
   ഔഷധ ഗുണങ്ങളാല്‍ ദിവ്യമായ വൃക്ഷമായി അറിയപ്പെടുന്ന ഇതിനെ സംസ് കൃതത്തില്‍ വില്വ: എന്ന പേരില്‍ അറിയപ്പെടുന്നു.  10 മുതല്‍ 12 മീറ്റര്‍ ഉയരത്തില്‍ വരെ വളരുന്നു.
15. ചോതി   -  നീര്‍മരുത്
    അര്‍ജ്ജുന മരം എന്ന് പ്രസിദ്ധമായ ഈ മരം ഉള്ളിടം ഫലപൂഷ്ടിയുള്ള മണ്ണുള്ളതായിരിക്കും.  ഔഷധ വീര്യം കൊണ്ട് ഇതിനെ ഹൃദ എന്ന സല്‍പ്പേരുമുണ്ടിതിന്.  ഹൃദയത്തിന് ഉത്തേജനം നല്‍കുന്നിനാലാണിത്.

16. വിശാഖം  -  വയ്യംകൈത
      ഭക്ഷണ യോഗ്യമായ ഫലമുള്ള സസ്യമാണിത്.  മാനസിക രോഗങ്ങള്‍ക്കു വരെ ഉത്തമ ഔഷധമാണ് ഈ സസ്യം.  
17.  അനിഴം   -  ഇലഞ്ഞി
    ബകുല എന്ന് സംസ് കൃതത്തില്‍ അറിയപ്പെടുന്ന മരത്തിന് 16 മീറ്റര്‍ വരെ ഉയരം വരും.  തൊലിയും പൂക്കളും ഔഷധ ഗുണമുള്ളവയാണ്.
18.  തൃക്കേട്ട   -   വെട്ടി
     പനി, മഞ്ഞപ്പിത്തം  എന്നിവയ്ക്കു ഈ മരുന്നാണ്  ഈ ചെടിയുടെ വേര്.  നിത്യഹരിത വനത്തിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്.  മിനുസമാര്‍ന്ന തൊലിയുള്ള ഇത് 15 മീറ്റര്‍ ഉയരത്തില്‍ വളരുന്നു.
19.  മൂലം     -  പൈന്‍
    ഇന്ത്യയില്‍ മാത്രം കാണുന്ന ഈ മരം വെള്ളക്കുന്തിരിക്കം എന്ന പേരിലാണറിയപ്പെടുന്നത്.  ഔഷധ ഗുണമുള്ള മരുന്നാണ്.  ഇതിന്‍റെ കറ ഒരു സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നു.
20. പൂരാടം - വഞ്ചി

    വഞ്ഞിയെന്നും അറിയപ്പെടുന്നു.  ഈ ഇടത്തരം വൃക്ഷം ചതുപ്പു പ്രദേശങ്ങളില്‍ വളരുന്നു.  ഇതിന്‍റെ പുതുതായി ഉണ്ടാകുന്ന പൂക്കള്‍ ആഹാരമായി ഉപയോഗിക്കുന്നു
21. ഉത്രാടം   -  പ്ലാവ്
    ലോകത്തിലെ ഏറ്റവും വലിയ ഫലം തരുന്ന മരമായ പ്ലാവിന്‍റെ സംസ്കൃതം പേര് പനസ എന്നാണ്.  ഒട്ടേറെ ഔഷധഗുണമുള്ള ഫലം തരുന്ന വൃക്ഷമാണ്.
22. തിരുവോണം  -  എരിക്ക്
   ഇതിന് ക്ഷീരപര്‍ണി എന്ന് സംസ്കൃതത്തില്‍ പേരുണ്ട്.  മൂന്ന് മീറ്ററിലധികം ഉയരത്തില്‍ ശാഖകളായി വളരുന്ന കുറ്റിച്ചെടിയാണ്.  ഇതിന്‍റെ വേര്, കറ, പൂവ്, ഇല എന്നിവയ്ക്ക് ഔഷധഗുണമുണ്ട്.
23.  അവിട്ടം  -  വന്നി
   കുറ്റിച്ചെടിയായി 12 മീറ്ററോളം വളരുന്ന ഒരു കുറ്റിച്ചെടിയാണ്.  ഔഷധ മൂല്യമുണ്ട്.  
24.  ചതയം   -  കടന്പ്
    കദം എന്നും പേരുള്ള ഈ വൃക്ഷം നിത്യഹരിത വനങ്ങളില്‍ സുലഭമാണ്.  45 മീറ്റര്‍ ഉയരത്തില്‍ വളരും.
25.  പൂരുട്ടാതി  - തേന്മാവ്
      നമ്മുടെ ദേശീയഫലമായ മാങ്ങ തരുന്ന വൃക്ഷം.  ഇതിന്‍റെ വിത്തും ഇലയും ഫലവും ഔഷധ ഗുണമുള്ളതാണ്.  പഴുത്ത മാങ്ങ ഫ്രാക്ടോസിന്‍റെ കലവറയാണ്
26.  ഉതൃട്ടാതി    -   കരിന്പന
    ധ്വജ ദ്രുമ എന്ന സംസ്കൃത പേരില്‍ പ്രസിദ്ധമാണിത്.  10-15 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഒറ്റത്തടി വൃക്ഷം. ഇതിന്‍റെ ഫലത്തിന് ഔഷധ ഗുണമുണ്ട്
27.  രേവതി    -   ഇരിപ്പ
    ഇലിപ്പ യെന്നും സംസ്കൃതത്തില്‍ മധുക: എന്നും അറിയപ്പെടുന്നു.  15 മീറ്റര്‍ വരെ വളരുന്ന ഈ വൃക്ഷത്തിന്‍റെ പുഷ്പം, ഫലം, ഇല, വിത്ത് , തൊലി എന്നിവയ്ക്ക് ഔഷധ ഗുണമുണ്ട്.

   ക്ലബ്ബ് പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഈ വിവരങ്ങള്‍ കോര്‍ത്തിണക്കി അനുയോജ്യമായ പഠനാനുഭവങ്ങള്‍ എന്‍റെ കൂട്ടുകാര്‍ക്ക് നല്‍കുവാന്‍ ശ്രദ്ധിക്കുമല്ലോ......

 ഈ പരിസ്ഥിതി ദിനത്തിലെ നുറുങ്ങ് ചിന്തകള്‍ക്ക്..................

ശ്................ശ്..............ശ്............ ഇത് കേരളത്തിന്‍റെ സൈലന്‍റ് വാലി.......................
പറഞ്ഞാലും പറഞ്ഞാലും തീരാത്ത പ്രകൃതി രഹസ്യങ്ങളുമായി സൈരന്ദ്രി വനമെന്ന ഈ സുന്ദരി കുന്തിപ്പുഴയുടെ തീരത്ത് വിസ്തൃതമായി കിടക്കുന്നു.  ........ വറ്റാതെ............വളരാതെ...........അത്യപൂര്‍വ്വമായ ഒരു ആവാസ വ്യവസ്ഥയുടെ സംഗമഭൂമിയായി ..........................
ചില കുറിപ്പുകളിതാ................
50 ദശലക്ഷം വര്‍ഷങ്ങളുടെ കാലപ്പഴക്കം
ശലഭവൈവിധ്യം കൊണ്ട് സന്പുഷ്ടം
പറവകളുടെ കൂജനം നിറഞ്ഞ നിശ്ശബ്ദ താഴ്വര
തലമുറകള്‍ക്കായി ഒരു പ്രകൃതി ദത്ത ജനിതക ശേഖരം
നിത്യഹരിത വനങ്ങള്‍
  ഒരു നല്ല നാളേയ്ക്കു വേണ്ടി............
ഈ പരിസ്ഥിതി ദിനാഘോഷം അര്‍ത്ഥവത്തുള്ളതാക്കൂ............

തത്ക്കാലം നിര്‍ത്തുന്നു.

                                                                  സ്നേഹപൂര്‍വ്വം,
                                                                                                                                                                           ഹൃഷികേശ്.എ.എസ്                                                                           എഇഒ ബാലരാമപുരം                                                                                              




No comments:

Post a Comment