UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Friday 29 May 2015

പഠിക്കാന്‍ കൊതിയായും   .......  എന്‍റെ  വിദ്യാലയത്തില്‍  ........

ഒരു അവധിക്കാലം കൂടി കഴിയാറായല്ലോ. ഉന്മേഷത്തോടെ ഒരു പുതിയ അദ്ധ്യയന വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുവാന്‍ തയ്യാറാവുന്ന ഈ സമയത്ത് എല്ലാപേര്‍ക്കും ആശംസകള്‍ നേരുന്നു.

നമ്മുടെ വിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളായി മാറണം നമ്മുടെ കൂട്ടായ്മകൊണ്ട്.......... 

അതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ നമുക്ക് കൂട്ടായി ആസൂത്രണം ചെയ്യാന്‍ ശ്രമിക്കാം........ ഇത്തരം ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിച്ചേരും.  സൗഹൃദപരവും, ആസ്വദ്യകരവുമായ പഠനാനുഭവങ്ങള്‍ എന്‍റെ കൂട്ടുകാര്‍ക്കു് സമ്മാനിക്കുന്ന കേന്ദ്രങ്ങളാക്കി സ്കൂളിനെ ഒരുക്കുവാന്‍ ശ്രമിക്കാം.  ഇത്തരം അദ്ധ്യാപകസമൂഹത്തെയാണ് കുട്ടികള്‍ ഇഷ്ടപ്പെടുന്നത് .......

നമുക്കും ഈ കൂട്ടായ്മയില്‍ പങ്കാളിയാകാന്‍ ശ്രമിക്കാം........................ 

                                 വീണ്ടും ഒരു അദ്ധ്യയന വര്‍ഷത്തിന് കൂടി തുടക്കമായി........ സ്വന്തം വിദ്യാലയങ്ങളെക്കുറിച്ച് കുറെ സ്വപ്നങ്ങള്‍ നിങ്ങള്‍ക്കേവര്‍ക്കും ഉണ്ടാകും.............. സ്വപ്നം കാണാനുള്ള അവകാശം എനിക്കുമുണ്ട്.............

  എന്‍റെ സബ് ജില്ലയിലെ വിദ്യാലയങ്ങള്‍ ഈ വര്‍ഷം കുറച്ച് കൂടി മെച്ചപ്പെട്ട അക്കാദമിക മികവുള്ള അവസ്ഥയിലേയ്ക്ക് മാറണമെന്ന സ്വപ്നം................ അതൊരു അത്യാഗ്രഹമല്ല........... എന്‍റെ മനസ്സിലെ സ്വകാര്യമായ ആഗ്രഹം മാത്രം.......... മുകളില്‍ ചേര്‍ന്ന തലക്കെട്ട് ശ്രീ.കലാധരന്‍ മാഷിന്‍റെ ചുണ്ടുവിരല്‍ എന്ന അക്കാദമിക ബ്ലോഗില്‍ നിന്നും എന്നെ ഏറെ ആകര്‍ഷിച്ച ഒരു വാക്യമാണ്. ......... അക്കാദമിക ബ്ലോഗുകള്‍ വായിക്കുക ഇപ്പോള്‍ എന്‍റെ ശീലമായിരിക്കുന്നു. .......... അതിനും ഒരു ലക്ഷ്യമുണ്ട്............. 

'ചുണ്ടുവിരല്‍' പോലുള്ള ബ്ലോഗുകളില്‍ വരുന്ന അക്കാദമിക മികവുകളുടെയും വാര്‍ത്തകളുടെയും ചിന്തകളുടെയും ഇടയില്‍ നിന്നും എന്‍റെ വിദ്യാലയങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന അറിവുകള്‍ ഒപ്പിയെടുത്ത് കൈമാറുക എന്ന  ലക്ഷ്യം..........വായനയില്‍ നിരന്തരം പിന്തുടരുന്ന ചില ശീലങ്ങള്‍ ഞാന്‍ സ്വായത്തമാക്കിയിട്ടുണ്ട്...... ......അവ അദ്ധ്യാപകര്‍ക്കും കൂട്ടുകര്‍ക്കും ഉപകാരമാകും എന്നുള്ളത് കൊണ്ട് ഞാനിവിടെ പങ്ക് വയ്ക്കുന്നു............ വായനയിലൂടെ     അറിവ് ആര്‍ജ്ജിക്കുന്നതിനും പുത്തന്‍ സങ്കേതങ്ങള്‍, മനസ്സിന് ഉന്‍മേഷവും സന്തോഷവും നല്‍കുന്ന അനുഭവങ്ങള്‍ എന്നിവ തേടുന്നതിനും ഞാന്‍ പരമാവധി പ്രയോജനപ്പെടുത്താറുണ്ട്....... ‌‌ഒാരോ വായനാ സന്ദര്‍ശനത്തിലൂടെയും ലഭിക്കുന്ന പുതിയ അറിവുകള്‍ എന്‍റെ കര്‍മ്മ മണ്ഡലത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്താന്‍ കഴിയും എന്ന ചിന്തയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്......... ഈ അവധിക്കാലത്ത് ഗാന്ധിജിയുടെ ആത്മകഥയായ എന്‍റെ സത്യാന്വേഷണ പരീക്ഷണ കഥ പുനര്‍വായനയ്ക്ക് വിധേയമാക്കി........... മുന്‍പ് ഈ പുസ്തകം പലതവണ വായിച്ചിട്ടുണ്ട്............. പുതിയ പാഠ്യപദ്ധതി എന്നില്‍ നിറച്ച അറിവിന്‍റെയും അന്വേഷണാത്മ പഠനബോധന സംവിധാനത്തിന്‍റെയും നിറവില്‍ നിന്നുള്ള പുനര്‍വായനയില്‍ മറ്റൊരു തലത്തില്‍ ഈ പുസ്തകത്തെ സമീപിക്കാന്‍ എനിക്ക് കഴിയുന്നു........ പഠനത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും കുറച്ചുകൂടി വ്യക്തമായ ധാരണകളും പ്രായോഗികമായ അനുഭവങ്ങളും എനിക്ക് ഈ വായനയിലൂടെ ലഭിച്ചു.................ഇവയൊക്കെ    പേജുകളുടെ നന്പര്‍ വിഷയമേഖല എന്നിങ്ങനെ ഡയറിയില്‍ എഴുതി സൂക്ഷിക്കാന്‍ ഞാനിപ്പോള്‍ ശ്രദ്ധിക്കുന്നു. മാത്രമല്ല.....പത്രങ്ങള്‍ പുറത്തിറക്കുന്ന കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള പതിപ്പുകള്‍  മുഴുവനും ശ്രദ്ധയോടെ വായിക്കാനും അവയില്‍ ആവശ്യമുള്ളവ വെട്ടിയെടുത്ത് എന്‍റെ മകന്‍ എഴുതി ഉപേക്ഷിച്ച കടലാസുകളില്‍ ഒട്ടിച്ചു സൂക്ഷിക്കുന്നതിനും ഞാന്‍ ശ്രമിക്കുന്നുണ്ട്............

           ഈ അനുഭവങ്ങള്‍ ഞാന്‍ മുന്നോട്ട് വച്ചത് ഇത്തരം ശ്രമങ്ങള്‍ ഏതൊരു അദ്ധ്യാപകന്‍റെയും പൊതുവായ സ്വയം പഠനത്തിന്‍റെ ഭാഗമായി മാറ്റാന്‍ ശ്രദ്ധിക്കണം എന്ന് ഒാര്‍മ്മിപ്പിക്കാനാണ് . 

        വായനയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലും ഒരു അദ്ധ്യാപകന്‍ എന്ന നിലയിലും അനുവര്‍ത്തിക്കാവുന്ന കാര്യങ്ങള്‍ കൂടി ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ..... അവ വരും നാളുകളില്‍ ഒരു പോസ്റ്റായി മുത്തിലൂടെ പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പു തരുന്നു..............                                        പ്രവേശനോത്സവത്തിലേയ്ക്ക്.................................. 

                                    പ്രവേശനോത്സവം അതിന്‍റെ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് കൂട്ടുകാരുടെ ഭാഗത്തുനിന്നുകൊണ്ട് വൈവിധ്യമാര്‍ന്ന പരിപാടികളോടെ നിങ്ങള്‍ സംഘടിപ്പിക്കും എന്നെനിക്ക് ഉറപ്പുണ്ട്................ 
               സംഘാടനത്തിലും മുന്നൊരുക്കങ്ങളിലും കുറച്ചുകൂടി വൈവിധ്യവും ആകര്‍ഷകത്വവും വരുത്താന്‍ ഒാരോ വിദ്യാലയവും ശ്രദ്ധിക്കണം. പൊതുവായ നിര്‍ദ്ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഭാഗത്തു നിന്നും എസ്എസ് എ യുടെ ഭാഗത്ത് നിന്നും നല്‍കുന്നവ കൃത്യതയോടെ പൂര്‍ണ്ണതയോടെ നടപ്പിലാക്കണം ........ .... കൂടാതെ നടപ്പില്‍ വരുത്തേണ്ട ചില സംഗതികള്‍ കൂടെ ഒാര്‍മ്മിപ്പിക്കുന്നു ......... 

  • സമഗ്രമായ ഒരു വിദ്യാലയ വികസനപദ്ധതി തയ്യാറാക്കി വേണം ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍........ അത് പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്നതും ഒാരോ പ്രവര്‍ത്തനങ്ങള്‍ക്കും നിശ്ചിത വഴികള്‍ സമഗ്രമായി പ്രതിപാദിക്കുന്നതുമാകണം. 
  • അതിനാവശ്യമായ SRG യുടെ കൂടിച്ചേരല്‍ പലതവണ സംഘടിപ്പിക്കണം................ 
  •  SMC/ PTA ശാക്തീകരണം മുഖ്യ അജണ്ടയായി ഈ പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. വിദ്യാഭ്യാസ വകുപ്പിന്‍റെ മാര്‍ഗ്ഗരേഖപ്രകാരം മുന്‍വിധിയില്ലാതെ വിദ്യാലയത്തിന്‍റെ അക്കാദമിക പുരോഗതിയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന സമിതിയായി ഇത് മാറ്റിയെടുക്കണം. അതിനു വേണ്ട പ്രായോഗികാനുഭവങ്ങള്‍, മാതൃകകള്‍ എന്നിവ അവരിലേ്ക്ക് പകരണം. 
  •  വിദ്യാലയത്തിന്‍റെ മികവുകള്‍, കൂട്ടുകാരുടെ പഠന നേട്ടങ്ങള്‍, പരിമിതികള്‍ എന്നിവ രക്ഷിതാക്കളിലേയ്ക്കും വിദ്യാലയത്തിനെ സ്നേഹിക്കുന്ന അക്ഷരസമൂഹത്തിനും മുന്നില്‍ എത്തിക്കുന്നതിന് ആവശ്യമായ ഗൃഹസന്ദര്‍ശനം, കുടുംബസദസ്സുകള്‍ എന്നിവ സംഘടിപ്പിക്കണം. 
  •  കഴിയുന്നതരത്തില്‍ മറ്റ് ഏജന്‍സികളുടെ സഹായ സഹകരണങ്ങള്‍ ഭൗതികസാഹചര്യ വികസനത്തിനും അക്കാഡമിക വളര്‍ച്ചയ്ക്കും വേണ്ടി തേടണം. 
  •  ലക്ഷ്യങ്ങള്‍ (പഠനവുമായി ബന്ധപ്പെട്ടവ) എഴുതി തയ്യാറാക്കി അത് SMC, SSG,SRG യോഗങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്ത് ബോധ്യപ്പെടുത്തുകയും വിവിധ ഘട്ടങ്ങളില്‍ പുരോഗത് വിലയിരുത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുകയും ചെയ്യണം.
  • നമ്മുടെ വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റണം.
               ഉദാ:- നാലാംതരം കഴിയുന്ന കൂട്ടുകാരന്‍ സ്വന്തം ആവശ്യങ്ങളും ആശയങ്ങളും ഇംഗ്ലീഷ് -മലയാളം ഭാഷയില്‍ വിനിമയം നടത്തുന്നതിനുള്ള കഴിവ് നേടിയിരിക്കണം...............

  • പ്രായോഗിക ജീവിതത്തില്‍ ഗണിതം അനായാസം പ്രയോഗിക്കാനുള്ള ശേഷി നേടണം.
  • മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകള്‍  വായിക്കാനും എഴുതാനും ഉള്ള കഴിവ് നേടിയിരിക്കണം..............

ഇതിനു സാധ്യമാകണമെങ്കില്‍ വരുന്ന വര്‍ഷം അദ്ധ്യാപകരും വര്‍ധിതവീര്യത്തോടെ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തനങ്ങളില്‍ ഏകോപനത്തോടെ പങ്കെടുക്കുന്നതിനുള്ള അവസരം എന്‍റെ കൂട്ടുകാര്‍ക്ക് ഒരുക്കണം ..............

അദ്ധ്യാപകരെക്കുറിച്ചുള്ള ചിന്തകള്‍..................

                               അക്ഷരങ്ങളിലുടെ അഗ്നി നിറയ്ക്കാന്‍ കൂട്ടുകാരെ പഠിപ്പിക്കുന്ന ഒരാളാണ് യഥാര്‍ത്ഥ അദ്ധ്യാപകന്‍.  
ആശയങ്ങള്‍ നിലാവായി കുട്ടികളുടെ ഉള്ളിലേയ്ക്ക് ആവേശിപ്പിക്കുന്ന ദൈവത്തിന്‍റെ ഹൃദയവും മനസ്സുള്ളവരായി അദ്ധ്യാപകര്‍ മാറണം.  
 സ്വന്തം കര്‍മ്മം കൊണ്ട് ജീവിതം പണിത് സമൂഹത്തിന് തന്നെ മാതൃകയായി അദ്ധ്യാപകര്‍ സ്വയം മാറണം.
 അദ്ധ്യാപനമാണ് ഒരു അദ്ധ്യാപകന്‍റെ ഏറ്റവും വലിയ ആദ്ധ്യാത്മിക പ്രവര്‍ത്തനം........... ഇത്തരത്തിലേയ്ക്ക് ഉയരുന്നതിന് ചില സ്വയം വിലയിരുത്തലുകള്‍ നാം ഇടയ്ക്കിടെ നടത്തണം...... സ്വയം വിലയിരുത്തലിലുള്ള ചില സൂചനകള്‍ താഴെകുറിക്കുന്നു.

- വിദ്യാഭ്യാസ അവകാശനിയമത്തിന്‍റെ പൊരുള്‍ തേടിയറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടോ ?

- അന്വേഷണാത്മക അദ്ധ്യാപനം ശീലമാക്കാന്‍ കഴിയുന്നുണ്ടോ ?
- കൂട്ടുകാരോട് ഗുണാത്മക സമീപനം കൈക്കൊള്ളാന്‍ കഴിയുന്നുണ്ടോ  ?‍
- സ്നേഹത്തിന്‍റെ ബോധന ശാസ്ത്രം പേറുന്നവരായി മാറാന്‍ കഴിയുന്നുണ്ടോ  ?
- സ്വന്തം വായനയും അറിവിനു വേണ്ടിയുള്ള അന്വേഷണങ്ങളും തന്‍റെ വിദ്യാലയത്തിന്‍റെ വികസനത്തിനും അക്കാഡമിക സ്വപ്നങ്ങളുടെ സാക്ഷാത്കരിക്കുന്നതിനും വേണ്ടി ഉപയോഗിക്കാന്‍ കഴിയുന്നുണ്ടോ ..............?
- മികവിന്‍റെ ഗ്രാഫ് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നവരും അത് പങ്ക് വയ്ക്കാന്‍ മടി കാണിക്കാത്തവരുമായി മാറാന്‍ കഴിയുന്നുണ്ടോ ?

          മേല്പറഞ്ഞ എന്‍റെ പുതു വര്‍ഷ ചിന്തകള്‍ അദ്ധ്യാപകരുടെ യോഗങ്ങളിലും കുടിച്ചേരലുകളിലും വായിച്ച് അവതരിപ്പിക്കാന്‍ ശ്രദ്ധിക്കണം...............

തീര്‍ച്ചയായും ഇതോരു ഡയറിക്കുറിപ്പ് മാത്രമല്ല............
വായനയിലൂടെയും അനുഭവത്തിലൂടെയും ഞാന്‍ നേടിയ അക്കാദമിക അറിവുകള്‍, പൂര്‍ണ്ണമല്ലാത്ത ചില ചിന്തകള്‍ എന്നിവ കൂടിയാണ്.....................
ഇത് പൂര്‍ത്തിയാവുന്നത് വിദ്യാലയത്തിലെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെ പ്രാവര്‍ത്തികമാവുന്പോഴാണ്........
അതിനു വേണ്ടിയുള്ള നിരന്തരം ശ്രമത്തിന് ഈ പ്രവേശനോത്സവ ദിനത്തില്‍ നാന്ദി കുറിക്കണം.
 മുത്തിലൂടെയും നേരിട്ടും നിങ്ങളോടൊപ്പം ഈ പ്രയാണത്തില്‍ സര്‍വ്വപിന്തുണയുമായി ഞാനും കൂട്ടുകാരും   കൂട്ടുണ്ടാകും ............

മുത്തിലൂടെ പഠന നേട്ടത്തിന്‍റെ തെളിവുകളും മികവുകളും പങ്ക് വയ്ക്കുന്ന അദ്ധ്യാപകസുഹൃത്തുക്കള്‍ക്കും കൂട്ടുകാരായ പ്രതിഭകള്‍ക്കും പ്രത്യേക പ്രശസ്തി പത്രങ്ങള്‍ കൂടി സമ്മാനിക്കുന്ന കാര്യം ഇത്തവണ മുത്ത് ഗൗരവമായി ആലോചിക്കുന്നുണ്ട്. അങ്ങനെയുള്ളവരെ ആദരിക്കുന്നത് ഒരു അംഗീകാരമായും പ്രോത്സാഹനമായും മാറും എന്ന് കരുതുന്നു.............

കവിത മുതല്‍ കണക്കുവരെ ഐ ടി സാധ്യത ക്ലാസ് മുറികളില്‍................


നമ്മുടെ അദ്ധ്യാപകര്‍ ഈ അവധിക്കാലത്ത് മെച്ചപ്പെട്ട ഒരു പരിശീലനത്തിന് പങ്കെടുത്തവരാണ്.  മെച്ചപ്പെട്ട ആസൂത്രണം കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സന്പുഷ്ടമായിരുന്നു പരിശീലനം.  യുപി തലത്തിലും എല്‍പി തലത്തിലും വ്യത്യസ്ത ബാച്ചുകളായിട്ടായിരുന്നു പരിശീലനം സംഘടിപ്പിക്കപ്പെട്ടത്.  മെച്ചപ്പെട്ട നിലവാരം പുലര്‍ത്തിയ ഈ പരിശീലനത്തില്‍  പുതിയ പുസ്തകത്തേയും പരിചയപ്പെടാന്‍ അവസരം ലഭിച്ചു.  ഇതില്‍ ഏറെ ശ്രദ്ധേയമായത് ഐ.ടി അധിഷ്ഠിത പഠന ബാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു.  കളികളും പ്രവര്‍ത്തനങ്ങളും വഴി സങ്കീര്‍ണ്ണമായ ആശയങ്ങള്‍ പോലും വിദ്യാര്‍ത്ഥികളില്‍ എത്തിക്കുവാന്‍ വിവരസാങ്കേതിക വിദ്യയുടെ സഹായം തേടുവാന്‍ അദ്ധ്യാപകനെ പ്രാപ്തനാക്കുന്ന തരത്തിലുള്ള പരിശീലനമായിരുന്നു ഇത്.  അതിന്‍റെ ഗുണനില വാര ത്തെക്കുറിച്ച് അദ്ധ്യാപകസുഹൃത്തുക്കളുടെ പ്രതികരണം വളരെ മെച്ചപ്പെട്ടതായിരുന്നു. പങ്കാളിത്വം കൊണ്ടും കൃത്യമായ ആസൂത്രണം കൊണ്ടും ശ്രദ്ധേയമായിരുന്നു ഈ പരിശീലനം.ഭാഷയും ശാസ്ത്രവുമെല്ലാം ഐടി അധിഷ്ഠിത പഠനത്തിലൂടെ രസകരമാക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. 


〝മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
  മരതകകാന്തിയില്‍ മുങ്ങിമുങ്ങി
  കരളും മിഴിയും കവര്‍ന്നുമിങ്ങി
 കറയറ്റൊരാലസന്‍ ഗ്രാമഭംഗി〞
  ഈ കവിതയെ കന്പ്യൂട്ടറിന്‍റെ വരപ്പ് പ്രതലത്തിലേയ്ക്ക് കൊണ്ട് വന്നാലോ?  ഇതിന്‍റെ ആശയം ചിത്രമായല്ലേ എന്‍റെ കൂട്ടുകാരുടെ മനസ്സില്‍ തെളിയുന്നത്...........
 ഒാരോരുത്തരുടെയും ഭാവനയ്ക്കനുസരിച്ച് ഒാരോ തരത്തിലുള്ള ഇമേജുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന - തുറന്നിട്ട ചിത്രജാലകം- ക്ലാസ് മുറികളില്‍സൃഷ്ടിക്കാന്‍ കഴിയും.  ഐ.ടി സാധ്യതയിലൂടെ  ഇങ്ങനെ പുതിയ പാഠപുസ്തകത്തില്‍ പഠനം രസകരമാക്കുവാന്‍ ശാസ്തം, ഭാഷ, കണക്ക് എന്നീ വിഷയങ്ങള്‍ക്കനുയോജ്യമായ ആപ്ലിക്കേഷനുകളുടെ പരിചയപ്പെടലുകള്‍ പുത്തന്‍ അനുഭവമായി മാറി.  ഒരു തലത്തില്‍ പറഞ്ഞാല്‍ നമ്മുടെ ക്ലാസ് മുറികളില്‍ ഐ ടി സാധ്യത റ്റി.എല്‍.എം മായി ഉപയോഗിക്കാന്‍ പ്രാപ്തരാക്കുന്ന ഒരു അദ്ധ്യാപക സമൂഹം സൃഷ്ടിക്കാന്‍ കഴിയുന്നു.  കന്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന( ആഫീസ് റ്റൂളുകള്‍ കണ്ടെത്തുക.  മാസിക തയ്യാറാക്കുക, വിവരങ്ങള്‍ പട്ടികപ്പെടുത്തുക, വര്‍ഗ്ഗീകരിക്കുക, അവതരണം തയ്യാറാക്കുക) തുടങ്ങിയവ പാഠ്യപ്രവര്‍ത്തനത്തിന് സഹായമാക്കുന്പോള്‍ അടുത്ത് നമ്മുടെ ക്ലാസ് റൂമുകള്‍ മികവിന്‍റെ കേന്ദ്രങ്ങളായി മാറുന്നതാണ്.  ഇവിടെ ഊന്നല്‍ നല്‍കുന്നത് ഐ ടിക്കല്ല, മറിച്ച് ഇതുപയോഗിച്ച് മറ്റ് വിഷയങ്ങള്‍ എങ്ങനെ കാര്യപ്രശക്തമായി ആസൂത്രണം ചെയ്ത് ക്ലാസ് മുറികളില്‍ അവതരിപ്പിക്കാം എന്നതാണ്. 

പരിശീലനത്തില്‍ പാഠപുസ്തകങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ശിശുസൗഹൃദമായി എങ്ങനെ ക്ലാസ് മൂലകളില്‍ പുനര്‍പ്രതിഷ്ഠിക്കാമെന്ന ചിന്തയിലാണ് എന്‍റെ അദ്ധ്യാപകര്‍.............
എല്ലാ ദിവസവും ഒരു പ്രാവശ്യമെങ്കിലും എന്‍റെ അദ്ധ്യാപകരോ ടൊപ്പം ഈ പരിശീലനത്തില്‍ പങ്കാളിയാകുവാന്‍ ഞാന്‍   ശ്രദ്ധിച്ചിരുന്നു.
ഈ അദ്ധ്യാപക പരിശീലനത്തില്‍ മികവുറ്റ പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്താന്‍ അവസരം ലഭിച്ചപ്പോള്‍ എന്‍റെ അദ്ധ്യാപകരുടെ പ്രതികരണങ്ങള്‍ മികച്ചതായിരുന്നു.  അവയില്‍ ചിലത്  ഇവിടെ കുറിക്കട്ടെ.......
  • തികച്ചും ആശയസന്പുഷ്ടമാണ്
  • ജനകീയ ചിന്തയുള്ള പുസ്തകം
  • ശിശു സൗഹൃദമായ ലേഔട്ട്
  • നേര്‍ക്കാഴ്ച പഠന സാധ്യതകള്‍ക്ക് സയന്‍സ് വിഷയങ്ങളില്‍ പ്രാധാന്യം നല്‍കിയിരുന്നു
  • മികവുറ്റ പ്രവര്‍ത്തനങ്ങള്‍
  • ഐ ടി സാധ്യതകള്‍ കൊണ്ട് സന്പുഷ്ടം




ചില നിമിഷങ്ങള്‍ ചുവടെ ചേര്‍ക്കാം......
























     പഠിക്കാന്‍ കൊതിയാവുന്ന പുതു വിദ്യാലയസൃഷ്ടിയ്ക്കായി പുതുവര്‍ഷത്തില്‍ നമുക്ക് ഒത്തൊരുമയോടെ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാം......
  
   ഈ അവധിക്കാലം കളിച്ചും ചിരിച്ചും വായിച്ചും ഉല്ലസിച്ച് സ്വന്തം വീടുകളില്‍ രാജാക്കന്‍മാരെപ്പോലെ വിഹരിച്ചിരുന്ന എന്‍റെ കൂട്ടുകാര്‍ക്ക് വിദ്യാലയങ്ങളിലേയ്ക്ക് ഒരിക്കല്‍ കൂടി സ്വാഗതം. അതോടൊപ്പം പുതിയ മേന്‍മയേറിയ അനുഭവങ്ങള്‍ ക്ലാസ് മുറികളില്‍ സൃഷ്ടിക്കാന്‍ കഴിയട്ടെ. എല്ലാവര്‍ക്കും പുതിയ അക്കാദമിക വര്‍ഷത്തില്‍ നല്ല അനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാ വിധ ആശംസകളും നേരുന്നു.

 തത് ക്കാലം  നിര്‍ത്തട്ടെ...................

                                                     സ്നേഹപൂര്‍വ്വം,


ഹൃഷികേശ്.എ.എസ്
ഉപജില്ലാവിദ്യാഭ്യാസ ആഫീസര്‍
ബാലരാമപുരം

4 comments:

  1. സാറിന്‍റെ സ്വപ്നം സാക്ഷാല്‍കരിക്കാന്‍ ഒപ്പം ഞാനും എന്‍റെ കൂട്ടുകാരും................ദൈവത്തിന്‍റെ മനസ്സും ഹൃദയവും ഉള്ളവരായി മാറണം അധ്യാപകര്‍..............ഒത്തിരി ഇഷ്ടപ്പെട്ടു ഈ വരികള്‍..............എല്ലാ ഭാവുകങ്ങളും.....

    ReplyDelete
  2. This comment has been removed by the author.

    ReplyDelete