UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Thursday, 9 April 2015



വീണ്ടും ...................ഒരു പുതുവര്‍ഷത്തിലേയ്ക്ക്.............................

ഒരു അവധിക്കാലം കൂടി വന്നുചേര്‍ന്നല്ലോ.........
          എന്‍റെ പ്രഥമാദ്ധ്യാപകരും അദ്ധ്യാപക സുഹൃത്തുക്കളും ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുമല്ലോ.  
      നിങ്ങളെ സഹായിക്കുവാന്‍ ക്ലസ്റ്റര്‍തല ശാസ്ത്രീകരണം ഈ അവധിക്കാലത്ത് നടത്തുവാന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.  ഒരു ക്ലസ്റ്റര്‍തല ഗണിതലാബ് സജ്ജീകരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ശാക്തീകരണ പരിപാടി.  അതോടൊപ്പം എന്‍റെ കുട്ടികളിലെ ഇംഗ്ലീഷ് ഭാഷയുടെ ശാക്തീകരണത്തിനുതകുന്ന കുറെ പ്രവര്‍ത്തനങ്ങള്‍ എന്‍റെ അദ്ധ്യാപകരെ പരിചയപ്പെടുത്തുക, അതിനുവേണ്ടിയുള്ള മൊഡ്യൂളുകള്‍ തയ്യാറാക്കുക തുടങ്ങിയവയാണ് ബിആര്‍സി യുടെ സഹായത്താല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.  അടുത്ത അദ്ധ്യയന വര്‍ഷം നമുക്ക് ഒരുമിച്ച് ഇംഗ്ലീഷിനും, ഗണിതത്തിനും പ്രാധാന്യം നല്‍കുന്ന ഒരു വര്‍ഷമായി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാം.                              ആയതിനാല്‍ അദ്ധ്യയന വര്‍ഷം ഗണിതത്തിനും, ഇംഗ്ളീഷിനും ഊന്നല്‍ നല്‍കുന്ന ഒട്ടേറെ പഠന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ആസൂത്രണത്തില്‍ ഉള്‍പ്പെടുത്തുമല്ലോ.  എല്ലാ വര്‍ഷവും തയ്യാറാക്കുന്നതു പോലെ എസ്ആര്‍ജി കൂടി ചര്‍ച്ച ചെയ്ത് സ്കൂള്‍ വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കുന്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാ മാസവും ഉള്‍ക്കൊള്ളിക്കണം.

         സ്കൂളിലെ ഗണിത ക്ലാസ്സുകള്‍, ഇംഗ്ലീഷ് ക്ലബുകള്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ചില കാര്യങ്ങള്‍ ഇവിടെ ചേര്‍ക്കട്ടെ...
              
ലക്ഷ്യങ്ങള്‍
  • ഗണിത ബോധം, ഇംഗ്ലീഷ് ഭാഷാ നൈപുണ്യം ഇവ കൂട്ടുകാരില്‍ സൃഷ്ടിക്കുക.
  • പഠന പ്രക്രിയകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക
  • പ്രവര്‍ത്തന മാതൃകകള്‍ ആസൂത്രണം ചെയ്യുക.
  • ഗണിതവും ഇംഗ്ലീഷുമായി ബന്ധപ്പെട്ട ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുക.
  • കൂട്ടുകാരില്‍ ഗണിതവും ഇംഗ്ലീഷുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുക.  
  • വാര്‍ത്തകളുടെ ശേഖരണം  പ്രാവീണ്യം വര്‍ദ്ധിപ്പിക്കുക.
  • സ്കൂള്‍തലത്തിലും മറ്റ് തലങ്ങളിലും പ്രദര്‍ശനങ്ങളിലും മത്സരങ്ങളിലും കൂട്ടുകാരെ പങ്കെടുപ്പിക്കുന്നതിനുവേണ്ടി സജ്ജരാക്കുക.

പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന വിധം.


  • ‌ഒാരോ ക്ലാസ്സിലും താല്പര്യമുള്ള കൂട്ടുകാരെ ജനാധിപത്യ രീതിയില്‍ സംഘടിപ്പിച്ച് ക്ലബ്ബുകള്‍ രൂപികരിക്കുക.
  • ക്ലബ്ബൂകളുടെ പ്രവര്‍ത്തനം കൂട്ടുകാരുടെ നേതൃത്വത്തിലാവണം നടപ്പിലാക്കേണ്ടത്.
  • ക്ലബ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ രേഖപ്പെടുത്തലിനായി ഒരു നോട്ട് ബുക്ക് (ഡയറി) സൂക്ഷിക്കുക.  ഇതിലെ രേഖപ്പെടുത്തലുകള്‍ മറ്റ് കൂട്ടുകാരുമായി പങ്ക് വയ്ക്കാന്‍ ശ്രദ്ധിക്കുക.
  • ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ രക്ഷകര്‍ത്താക്കളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കണം.  
  • വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യേണ്ടത്. പ്രൊജക്ടുകള്‍, സെമിനാറുകള്‍ , ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍, വായന നൈപുണ്യം നേടല്‍, അവതരണ ശൈലി വളര്‍ത്താനുതകുന്നവ, വാര്‍ത്തകളുടെ ശേഖരണം തുടങ്ങിയവ.
  • ബാലപ്രസിദ്ധീകരണങ്ങള്‍ , പത്രകട്ടിംഗുകള്‍, പുസ്തകങ്ങള്‍ എന്നിവ ശേഖരിക്കല്‍. 

സ്കൂള്‍ അസംബ്ലിയില്‍ കൂട്ടുകാരുടെ മികവുകള്‍ അവതരിപ്പിക്കാന്‍ അവസരം സൃഷ്ടിക്കണം.


  • ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ സഹായം അവശ്യമായ കൂട്ടുകാരെ കണ്ടെത്തി അദ്ധ്യാപകരുടെ സഹായത്താല്‍ അവരെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.
  • കൂട്ടുകാരുടെ സൃഷ്ടികള്‍, മികവുകള്‍, അനുഭവങ്ങള്‍ എന്നിവ കോര്‍ത്തിണക്കി പത്രങ്ങള്‍, പോസ്റ്ററുകള്‍,മാഗസിനുകള്‍ എന്നിവ തയ്യാറാക്കുക.
  • ഗണിതമൂല, ഇംഗ്ലീഷ് വായനമൂല എന്നിവ ഭംഗിയായി ക്രമീകരിക്കുക, ഗണിതമൂലയില്‍ ഉപകരണങ്ങളുടെ പേര് , ഉപയോഗ സാധ്യതകള്‍ എന്നിവയെ സംബന്ധിച്ച് സമഗ്രധാരണ കൂട്ടുകാര്‍ക്ക് നല്‍കണം.
  • കൂട്ടുകാര്‍ക്ക് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപകര്‍ തങ്ങളുടെ ടീച്ചിംഗ് മാന്വലിന്‍റെ ഭാഗമാക്കണം.
  • ക്ലബ് യോഗങ്ങളില്‍ അഭിപ്രായങ്ങള്‍ തുറന്ന് പറയാനും പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ നടത്താനും കൂട്ടുകാര്‍ക്ക് അവസരം ഒരുക്കണം.  
  • വിലയിരുത്തലുകള്‍ /അഭിപ്രായങ്ങള്‍ എന്നിവ ക്രോഡീകരിച്ച് ഗുണാത്മകരീതിയില്‍ അദ്ധ്യാപകര്‍ ചര്‍ച്ചയില്‍ ഇടപെടണം. 
               കൂടുതല്‍ കാര്യങ്ങള്‍ നമ്മുടെ കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്ത് രൂപികരിക്കാം.

            ഈ കഴിഞ്ഞ മാസം സ്കൂള്‍ ദിനാഘോഷങ്ങളായിരുന്നല്ലോ.  ഒട്ടേറെ സ്കൂളുകള്‍ സന്ദര്‍ശിച്ചു.  വൈവിധ്യമാര്‍ന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അര്‍പ്പണ ബോധത്തോടെ എന്‍റെ കൂട്ടുകാരെ പങ്കാളികളാക്കി സ്കൂളില്‍ നടക്കുന്നതിന്‍റെ നേര്‍ക്കാഴ്ച അനുഭവയോഗ്യമാകുവാന്‍ സാധിച്ചു.  എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച എന്‍റെ പ്രഥമാദ്ധ്യാപകര്‍ക്കും, അദ്ധ്യാപകസുഹൃത്തുക്കള്‍ക്കും ഒരു പ്രണാമം.........

     വിവിധ സ്കൂളുകള്‍ പത്രമാസികകളും മുഖപത്രങങളും പ്രകാശിപ്പിച്ചിരുന്നു.  അവയില്‍ ചിലത് നേരത്തെ പരിചയപ്പെടുത്തിയിരുന്നല്ലോ.  അതിയന്നൂര്‍ ഗവ.യുപിഎസ് ന്‍റെ മുഖപത്രമായ മഴവില്ല്  ...............
          കഴിഞ്ഞ ഒരു വര്‍ഷത്തെ അക്കാദമിക പ്രവര്‍ത്തനത്തിന്‍റെ വര്‍ണ്ണചാരുത ഉള്‍ക്കൊള്ളുന്നു  ഈ മുഖപത്രം.  അക്ഷരങ്ങളെ സ്നേഹിക്കുന്ന എന്‍റെ കൂട്ടുകാര്‍ സര്‍ഗ്ഗാത്മക വായനയിലൂടെ ആര്‍ജ്ജിച്ച അനുഭവങ്ങള്‍ ചാലിച്ചെടുത്ത സൃഷ്ടികളാല്‍ സന്പന്നമാണ് മഴവില്ല്.




82 വയസ്സിന്‍റെ നിറവില്‍ നില്‍ക്കുന്ന ഈ വിദ്യാലയത്തിന് ഒരു മുതല്‍കൂട്ടായിരിക്കുന്നു ഈ മുഖപത്രം.  കൂട്ടുകാര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കുവാനും സമൂഹത്തോട് അക്ഷരങ്ങളിലൂടെ സംവദിക്കാനും ഉളള ശേഷി കൈവരിക്കുവാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും.

             ഗവ. എല്‍പിഎസ് കോട്ടുകാലിന്‍റെ വാര്‍ത്താ പത്രികയായ മയില്‍പ്പീലിയെ പരിചയപ്പെടുത്താം....



ഇതിലും കൂട്ടുകാര്‍ തങ്ങളുടെ അനുഭവങ്ങളുടെയും വിസ്മയലോകം സൃഷ്ടിക്കുകയാണ്...............
         ഇതിനവസരം സൃഷ്ടിച്ച രണ്ട് സ്കൂളിലെയും പ്രഥമാദ്ധ്യാപകര്‍ക്കും, അദ്ധ്യാപകര്‍ക്കും, പി.റ്റി.എ ഭാരവാഹികള്‍ക്കും, പിന്നില്‍ പ്രവര്‍ത്തിച്ച നല്ല മനസ്സുകള്‍ക്കും മുത്തിന്‍റെ ഒരായിരം ആശംസകള്‍............ .
            പൊതു വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ മാറ്റങ്ങളിലൂടെ അതിന്‍റെ രൂപവും ഭാവവും മാറുന്നു എന്നതിന്‍റെ ഉത്തമഉദാഹരണമാണിത്.

        കാണാതെ പഠിക്കുക എന്ന രീതിയില്‍ നിന്നും ക്രീയാത്മപഠനത്തിലേയ്ക്കുള്ള ചുവടുമാറ്റത്തിന്‍റെ പ്രതിഫലനമാണ് മുകളില്‍ കൊടുത്തിരിക്കുന്ന സര്‍ഗ്ഗ സൃഷ്ടികള്‍............
           ഈ മേന്മ നാം തിരിച്ചറിയേണ്ടതാണ്.  അറിവിന്‍റെ വിശാലതയിലേയ്ക്ക് അദ്ധ്യാപകര്‍ കൂട്ടുകാരെ പിടിച്ചു യര്‍ത്തുകയാണ്. സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന അവര്‍ മത്സരപരീക്ഷയിലെന്ന പോലെ ജീവിത പരീക്ഷയിലും വിജയതിലകമണിയുകയാണ്. 
          സമൂഹത്തെ സ്നേഹിക്കാനും, സാമൂഹിക പ്രതിബദ്ധത യോടെ ഇടപഴകാനും കൂട്ടുകാര്‍ പ്രാപ്തരാകുന്നു എന്ന മേന്മയെ നമുക്ക് അംഗീകരിക്കാം.......
       നിര്‍ത്തുന്നു.

                                 ഹൃഷികേശ്.എ.എസ്
                                     എഇഒ ബാലരാമപുരം
           

No comments:

Post a Comment