UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Wednesday, 26 November 2014

വായനാപ്രവര്‍ത്തനങ്ങള്‍

വായനയുടെ ഐ റ്റി സാധ്യതകള്‍ ......


     കൂട്ടുകാര്‍ക്ക് വായന ലഹരിയായി മാറണമെങ്കില്‍ അതിനുള്ള അനവധി അവസരങ്ങള്‍  മനപ്പൂര്‍വമായി അധ്യാപിക ക്ലാസ്സില്‍ നിരന്തരം സൃഷ്ട്ടിച്ചുകൊണ്ടേയിരിക്കണം . ഇതിനുവേണ്ടി നിരവധി വായനാപ്രവര്ത്ത്തനങ്ങള്‍ ഇപ്പോള്‍ നല്‍കിവരുന്നുണ്ട് , വായനയുടെ രീതിശാസ്ത്രം കുട്ടികളെ പരിചയപ്പെടുത്തുന്നതിന് സ്കൂളിലെ ഐ റ്റി ഉപകരണങ്ങള്‍ നമുക്ക്‌ ഉപയോഗിക്കാന്‍ കഴിയും . പ്രൈമറി ക്ലാസ്സുകളിലാണ് ഇത് ആവശ്യവും അനിവാര്യവുമായി മാറുന്നത് . പാഠപുസ്തകങ്ങളിലെ വായനാസാമഗ്രികള്‍ എങ്ങനെയാണ് പഠനത്തിനുള്ള ഉപകരണങ്ങളാക്കുന്നത് എന്ന് ബോധ്യപ്പെടുത്താന്‍ എളുപ്പമാണ് . കാരണം എല്ലാവരുടെയും കൈയ്യില്‍ ഓരോ കോപ്പി ലഭ്യമാണ് . അതുപോലെയല്ല മറ്റ് പുസ്തകങ്ങളുടെ സ്ഥിതി .... ലൈബ്രറിയിലും വായനാമൂലയിലും സാധാരണ ഒരു പുസ്തകത്തിന്‍റെ ഒന്നോ രണ്ടോ കോപ്പിയാണ് സാധാരണ കാണാറുള്ളത്‌ .അത് കൈമാറി വായിച്ച് കഴിയുന്നത് വരെ കാത്തിരുന്ന് പുസ്തകചര്‍ച്ചയ്ക്ക് വിധേയമാക്കുക സാധ്യമാണ് . അതിനു പകരമുള്ള ചില സാധ്യതകള്‍ പരിശോധിക്കുന്നത് ഒരു വിദ്യാലയത്തില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു .
പ്രവര്‍ത്തനത്തിലൂടെ .......
അധ്യാപികയുടെ മുന്നൊരുക്കം
അധ്യാപിക ഒരു പുസ്തകം തെരഞ്ഞെടുക്കുന്നു . വായനാപ്രവര്‍ത്തനങ്ങള്‍ ,പ്രക്രിയ എന്നിവ തീരുമാനിക്കുന്നു , രേഖപ്പെടുത്തുന്നു ,എസ ആര്‍ ജിയില്‍ പങ്കുവയ്ക്കുന്നു . പുസ്തകത്തിന്‍റെ മുഴുവന്‍ പേജുകളും സ്കാന്‍ ചെയ്തു സോഫ്റ്റ് കോപ്പിയാക്കുന്നു ,ശ്രീ റ്റി പി കലാധരന്‍ മാഷിന്‍റെ മന്ദാരക്കിളി എന്ന പുസ്തകമാണ് ഇതിനു വേണ്ടി തെരഞ്ഞെടുത്തത് .
നടപ്പിലാക്കല്‍
ടീച്ചര്‍ പുസ്തകത്തെ പരിചയപ്പെടുത്തുന്നതിന് സമാനമായ മറ്റൊരു കഥ പറയുന്നു ...... (തന്റെ മുട്ടകളെ രക്ഷിക്കാന്‍ രാജകുമാരിയുടെ ആഭരണം കൊത്തിയെടുത്ത്‌ പാമ്പിന്‍റെ മാളത്തില്‍ വച്ച പക്ഷിയുടെ കഥ ).തുടര്‍ന്ന് പുസ്തകത്തിന്‍റെ ഓരോ പേജും ലാപ്‌ടോപ്പും എല്‍ സി ഡി പ്രോജക്ട്ടറും ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നു . വ്യക്തിഗതവായന , ഗ്രൂപ്പ്‌ വായന , കണ്ടെത്തി വായന , ടീച്ചറിന്റെ വായന.... എന്നിവ നടത്തുന്നു  ചില ചോദ്യങ്ങള്‍ ( വിശകലനാത്മകവായനയ്ക്ക് പര്യാപ്തമായവ ) ടീച്ചര്‍ പ്രദര്‍ശിപ്പിക്കുന്നു ......
  • “ നീ സൂക്ഷിച്ച് നോക്ക് എന്റെ വേര് മുതല്‍ മേലോട്ട് “ മരത്തിന്‍റെ ഈ വാക്കുകള്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
  • ഈ കഥ വായിച്ച് കഴിഞ്ഞപ്പോള്‍ മരങ്ങളുടെ മഹത്വത്തെകുറിച്ച് എന്തൊക്കെ കാര്യങ്ങളാണ് മനസ്സില്‍ തോന്നിയത്‌ ?
  • ഞാന്‍ പറഞ്ഞ കഥയില്‍ മുട്ടകളെ സംരക്ഷിക്കാന്‍ പക്ഷി ഒറ്റയ്ക്കായിരുന്നു.... ഈ കഥയിലോ ?
  • മുട്ടകള്‍ തകരാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്തത് ....  ആരൊക്കെ സഹായിച്ചു ? ഇത്തരം നന്മകള്‍ , പരസ്പരസ്നേഹത്തിന്‍റെ ഉദാഹരണങ്ങള്‍ നമ്മള്‍ കൂട്ടുകാര്‍ക്കിടയിലുണ്ടോ...?
  • പുസ്തകത്തിലെ ചിത്രങ്ങള്‍ , കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന രീതി എന്നിവയെ സംബന്ധിച്ച അഭിപ്രായങ്ങള്‍ .....
  • മന്ദാരക്കിളി എന്നപേര് ഇഷ്ടപ്പെട്ടോ ? മറ്റ് പേരുകള്‍ നിര്‍ദ്ദേശിക്കാമോ ?

കുട്ടികള്‍ ഗ്രൂപ്പായി പുസ്തകകുറിപ്പ്‌ തയ്യാറാക്കുന്നു . അവതരണം ,ചര്‍ച്ച ,ടീച്ചര്‍വേര്‍ഷന്‍ അവതരണം
മന്ദാരക്കിളി
ശ്രീ റ്റി പി  കലാധരന്‍
 എന്‍റെ മനസ്സിനെ നന്നായി ആകര്‍ഷിച്ച ഒരു കഥയാണ്‌ മന്ദാരക്കിളി . കേരളശാസ്ത്രസാഹിത്യപരിഷത്ത്‌ പുറത്തിറക്കിയ പുസ്തകപ്പൂമഴയെന്ന പൂക്കൂടയിലെ ഒരു കുഞ്ഞുപുസ്തകമാണിത് . മഞ്ഞ ബയണ്ടിട്ട ആ കുഞ്ഞുപുസ്തകം തന്നെ എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു .
       മണിക്കുട്ടിയുടെ ചിത്രംവരയിലൂടെ ജീവന്‍വയ്ക്കുന്ന മന്ദാരക്കിളിയുടെ കഥയാണിത്‌ . മനുഷ്യന്‍റെയും പ്രകൃതിയുടെയും പാരസ്പര്യത്തിന്റെ വിജയം കുറിക്കുന്ന കഥകൂടിയാണിത്‌ . കൂടുകൂട്ടാന്‍ മന്ദാരക്കിളിയ്ക്ക് മരം നല്‍കുന്ന ഒത്താശകളും കിളിയുടെ മുട്ടകളെ സംരക്ഷിക്കാന്‍ കാറ്റും മരവും സഹിക്കുന്ന ത്യാഗങ്ങളും ഈ കഥയെ മനോഹരമാക്കുന്നു . മരത്തെ ഇണക്കാന്‍വേണ്ടി മന്ദാരക്കിളി ഒരു സൂത്രം പ്രയോഗിക്കുന്നുണ്ട് “ മരമേ മരമേ ഞാന്‍ നല്ല പാട്ട് പാടിത്തരാം പാട്ട് കേട്ടുണരാം ....ഞാനുംകൂടി കൂട് വച്ചോട്ടെ” കൊഞ്ചലോടെയുള്ള ഈ വര്‍ത്തമാനം കൊച്ചു കൂട്ടുകാരുടെ കാര്യം കാണാനുള്ള കൊച്ചു കൊച്ചു സൂത്രവിദ്യകളെയാണ് ഓര്‍മ്മപ്പെടുത്തുന്നത് . ഈ ഓര്‍മ്മപ്പെടുത്തല്‍ കുറിക്കുന്ന വരികള്‍ എനിക്ക് ഇഷ്ട്ടപ്പെട്ടു .
        “ നീ സൂക്ഷിച്ചുനോക്ക് എന്‍റെ വേര് മുതല്‍ മേലോട്ട് “ മരത്തിന്‍റെ ഈ വാക്കുകള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കും . ഒരു മരത്തിന്‍റെ തണലില്‍ താമസിക്കുന്ന ആയിരക്കണക്കിന് ജീവജാലങ്ങളെ ഒറ്റ വാക്യത്തിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് കഥാകാരന്‍ ഇവിടെ ചെയ്യുന്നത് . പ്രകൃതിസ്നേഹത്തിന്‍റെ ഉദാത്തമായ ഒരു മാതൃക തന്നെയാണിത് . ചുള്ളി മഴ പെയ്യിക്കുന്ന മരം , കുഞ്ഞുമുട്ടകളെ സംരക്ഷിക്കാന്‍ മാനം മുട്ടെ വളരുന്ന മരം , താഴെ വീണു മുട്ടകള്‍ ഉടഞ്ഞു ചിതറാതിരിക്കാന്‍ തന്‍റെ വേഗത്തെ കുറയ്ക്കുന്ന കാറ്റ്... എല്ലാം നന്മയുടെ അടയാളങ്ങളായി എന്‍റെ മനസ്സില്‍ ഇടംപിടിച്ചിട്ടുണ്ട് .
        ഈ കഥയിലെ മനോഹരമായ ചിത്രങ്ങളും താളാത്മകമായ ലളിതമായ ഭാഷയും ഉദ്വേഗം നിറഞ്ഞ ഒഴുക്കുള്ള എഴുത്തും ഒറ്റയിരുപ്പില്‍ ഈ കഥ വായിച്ചു തീര്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചു .
“ മന്ദാരക്കിളിക്കുഞ്ഞുക്കളുടെ
 പാട്ടുകേട്ടാണ് പിറ്റേ ദിവസം
മന്ദാരപ്പൂക്കള്‍ വിടര്‍ന്നത്
മണിക്കുട്ടി ഉണര്‍ന്നത്‌ “
ഈ വാക്യങ്ങളോടെയാണ് കഥ അവസാനിക്കുന്നത് . ഈ വാക്യങ്ങള്‍ പ്രതീക്ഷയുടെ ശബ്ദവും സ്വപ്നങ്ങളുമാണ് ഉയര്‍ത്തുന്നത് . മന്ദാരയില മന്ദാരക്കിളിയായി പറന്നുയരുമ്പോള്‍ നമ്മുടെ മനസ്സും കൂടെ കൂടും.....
ടീച്ചര്‍വേര്‍ഷനെ വിലയിരുത്താന്‍ അവസരം നല്‍കുന്നു . അതിനുവേണ്ടി സൂചകങ്ങള്‍ പരിചയപ്പെടുത്തുന്നു . പവര്‍പോയിന്‍റ് ആയി കാണിച്ചാലും മതി . 
കവി / കഥാകാരന്‍ കണ്ട കാഴ്ചകള്‍
മനസ്സിനെ ആകര്‍ഷിച്ച ആശയങ്ങള്‍
സ്വന്തം ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തിയുള്ള രചന
മനോചിത്രങ്ങള്‍ , വര്‍ണ്ണനകള്‍
ഇഷ്ട്ടപ്പെട്ട വരികള്‍ / ഭാഗം..... എന്തുകൊണ്ട് 
കവിത/കഥ മനസ്സില്‍ ഉണ്ടാക്കിയ വികാരം
കവിതയുടെ/കഥയുടെ താളം, ഒഴുക്ക് എന്നിവ
സ്വന്തം അഭിപ്രായങ്ങള്‍,നിരീക്ഷണങ്ങള്‍ 
പദങ്ങള്‍,പ്രയോഗങ്ങള്‍ 
ചര്‍ച്ച . കൂട്ടുകാര്‍ വ്യക്തിഗതമായി അവരുടെ കുറിപ്പുകള്‍ മെച്ചപ്പെടുത്തുന്നു . 

കൂട്ടുകാരേ.....
ശ്രീ കലാധരന്‍ മാഷിനെ പോലെ നിങ്ങളുടെ മനസ്സറിഞ്ഞ് കഥകള്‍ മെനയുന്ന അനവധി സര്‍ഗധനരായ എഴുത്തുകാരുടെ നൂറുകണക്കിന് പുസ്തകങ്ങള്‍ നിങ്ങളുടെ വിദ്യാലയങ്ങളിലെ ലൈബ്രറികളിലുണ്ട് ..... അവ കണ്ടെത്തൂ .... നന്നായി വായിക്കൂ ....ഇതുപോലെ പുസ്തകകുറിപ്പുകള്‍ തയ്യാറാക്കൂ .... എനിക്ക് വായിക്കാനായി അവ അയച്ചുതരൂ ... നല്ല കുറിപ്പുകള്‍ക്ക് സമ്മാനം ഉറപ്പ് ... 

1 comment:

  1. നന്നായിരിക്കുന്നു വായനയുടെ ഐ റ്റി സാധ്യതകള്‍....എല്‍ പി ക്ലാസ്സുകളില്‍ ഐ റ്റി ഉപകരണങ്ങള്‍ വളരെ അത്യാവശ്യം.....ഒരു സംശയം... വായനാകുറിപ്പും പുസ്തകകുറിപ്പും ഒന്നാണോ?

    ReplyDelete