UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Monday, 25 August 2014

ദിനാഘോഷങ്ങള്‍

ഓണോത്സവം 2014

സമത്വത്തിന്റെ സന്ദേശം വിളിച്ചോതി നിറപറയും നിലവിളക്കും തുമ്പപ്പൂക്കളും മധുരമൂറുന്ന ഓര്‍മ്മകളും മനസ്സില്‍ നിറച്ച് ഒരിക്കല്‍ കൂടി പൊന്നോണം വരവായി ...... പൊന്നോണനാളുകളില്‍ ആ ആഘോഷത്തിന്റെ നന്മയും നിറവും മനസ്സില്‍ പേറാന്‍ കഴിയുന്ന ഒരു പിടി പ്രവര്‍ത്തനങ്ങളും വിശേഷങ്ങളും കൂട്ടുകാര്‍ക്കായി മുത്തില്‍ ഒരുക്കുന്നു .....
ഓണം മലയാളികളുടെ ദേശീയ ഉത്സവം
             ഓണം  മലയാളികളായ നമുക്ക് വെറുമൊരു ആഘോഷമല്ല , മലയാളത്തനിമ നിറഞ്ഞ ജാതിമതഭേദമന്യേ എല്ലാ കേരളീയരും ഒരു പോലെ ആഘോഷിക്കുന്ന ദേശീയ ഉത്സവം കൂടിയാണ് . ഗൃഹാതുരത ഇഷ്ട്ടപ്പെടുന്ന മലയാളികള്‍ക്ക് മനസ്സ് നിറയ്ക്കാനെത്തുന്ന മനോഹരമായ ഒരു ആഘോഷം . വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും മാസ്മരികമായ ഒരു ആഘോഷം കൂടിയാണിത്‌ . പ്രകൃതി തന്നെ ഈ ആഘോഷത്തിനായി അണിഞൊരുങ്ങുന്നു .
            പാടത്തും പറമ്പിലും നടന്ന് മന്ദാരവും കോളാമ്പിപ്പൂവും തുമ്പപ്പൂവും മുക്കുറ്റിയും ഒക്കെ ചേമ്പിലയില്‍ നിറച്ച് വീട്ടിലെത്തി ഓണപ്പൂക്കളമോരുക്കുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു പണ്ട് കേരളത്തില്‍ ......."  കാണം വിറ്റും ഓണം ഉണ്ണണം " എന്നത് ഒരു പഴഞ്ചൊല്ല് മാത്രമല്ല ..... ഓണാഘോഷത്തിന്റെ പ്രാധാന്യത്തെയാണ് ഇത് വിളംബരം ചെയ്യുന്നത് . മനുഷ്യര്‍ക്ക്‌ മാത്രമല്ല മണ്ണിനും ജീവജാലങ്ങള്‍ക്കും വരെ സന്തോഷം നല്‍കുന്ന ആഘോഷമാണ് ഓണം . പ്രത്യേകിച്ച് പ്രകൃതിയിലേയ്ക്കുള്ള  മടക്കം അനിവാര്യമായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഓണത്തിന് വളരെയധികം പ്രാധാന്യമുണ്ട് . മലയാളമണ്ണിനും മലയാളിയുടെ മനസ്സിനും ഒരു പിടി ഓണസങ്കല്പങ്ങള്‍ ഉണ്ട് . 
          മനുഷ്യസമത്വം തന്നെയാണ് ഇന്നും എന്നും ലോകത്തിലെ വലിയ ആദര്‍ശം ... മാനവത്വത്തോടുള്ള ഈ ആദരം പ്രവര്‍ത്തന മാര്‍ഗ്ഗമായി സ്വീകരിച്ച ഭരണാധികാരിയായിരുന്നു മഹാബലി . ആമോദത്തോടെ മനുഷ്യരെല്ലാം സമന്മാരാണ് എന്ന മഹത്തായ സന്ദേശവുമായി സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി നില കൊണ്ട ആ ത്യാഗിയായ ഭരണാധികാരിയുടെ പാവനസ്മരണ ഉണര്‍ത്തുന്ന മഹോത്സവമാണ് ഓണം . പ്രകൃതിയില്‍ വസന്തം രണ്ടാമതും വിരുന്നു വരുന്ന പ്രതിഭാസം തീര്‍ക്കുന്ന വസന്തോത്സവം കൂടിയാണിത്‌ .
        കേരളത്തിലെ ഓണാഘോഷത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് . ഇന്നത്‌ പക്ഷെ കച്ചവടപ്പൂരമായി മാറിയിരിക്കുന്നു ...... കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം  എന്നോ മാനുഷരെല്ലാം ഒന്നുപോലെയെന്നോ ഓണത്തെ മുന്‍നിര്‍ത്തിയോ അല്ലാതെയോ ആരും പറയുന്നതായി കേള്‍ക്കുന്നില്ല . ഇല്ലവും വല്ലവും നിറഞ്ഞ മണ്ണിന്റെ മഹോല്‍സവം ഇന്ന് മനുഷ്യന്‍ തീര്‍ക്കുന്ന പ്രകൃതിനാശനത്തിന്റെ ദുരന്തസ്മരണയിലാണ് അരങ്ങേറുന്നത് . കുഞ്ഞുങ്ങളോടും വൃദ്ധരോടുമുള്ള അവഗണനയും ക്രൂരതയും ആവരണമാക്കിയ ഇന്നിന്റെ സംസ്ക്കാരത്തിന് ഓണത്തിന്റെ നന്മകളെ ഉള്‍ക്കൊള്ളാന്‍ കഴിയാതായിരിക്കുന്നു .....
         ഓണം മലയാളിയുടെ മനോഹരമായ ഓര്‍മ്മയാണ് ... ഓണത്തിന് പശ്ചാത്തലമോരുക്കുന്ന മൂല്യങ്ങള്‍ അതിനെ മണ്ണിന്റെ എന്നതിനേക്കാള്‍ മനസ്സിന്‍റെ ആഘോഷമാക്കിത്തീര്‍ക്കുന്നു ... ഈ മൂല്യങ്ങള്‍ നിലനിര്‍ത്താനും സംരക്ഷിക്കാനും നിങ്ങള്‍ കൂട്ടുകാര്‍ പരമാവധി പരിശ്രമിക്കണം . പഠനത്തിലൂടെ നിര്‍മ്മിക്കുന്ന അറിവുകളും മൂല്യങ്ങളും ജീവിതത്തില്‍ പകര്‍ത്തുന്നതിന് ഈ വര്‍ഷത്തെ ഓണോത്സവത്തിന്‍റെ നന്മകള്‍ കാരണമാകട്ടെ ......
എല്ലാവര്‍ക്കും ഓണാശംസകള്‍ ........
ഓണം - പേരിനു പിന്നില്‍ 
സംഘ കാലത്ത് കേരളത്തിലും തമിഴ്‌ നാട്ടിലും ബുദ്ധമതം നിലനിന്നിരുന്നു . അക്കാലത്ത് ശ്രാവണ മാസത്തിലാണ് മഴയുടെ കെടുതികള്‍ തീര്‍ത്ത്‌ വാണിജ്യവും കൃഷിയും മറ്റും തുടങ്ങിയിരുന്നത് .ശ്രാവണത്തിന്‍റെ പാലി സമാന്തരമാണ് സാവണം . അത് ആദിരൂപം ലോപിച്ച് ആവണമെന്നും പിന്നീട് ഓണം എന്നുമുള്ള രൂപം പ്രാപിച്ചു . 
കഥകള്‍ , ഐതിഹ്യങ്ങള്‍ 
മഹാബലിയുടെ കഥ 
പരശുരാമന്റെ കഥ 
ഓണക്കളികള്‍ 
     എല്ലാ മനുഷ്യരും ബന്ധുക്കള്‍ എന്ന ഉപനിഷത്ത് പ്രമാണത്തിന്റെ ഉത്സവമാണ് ഓണക്കളികളില്‍ മുഴങ്ങിക്കേള്‍ക്കുന്നത് ....
തലപന്തുകളി 
കിളിത്തട്ട് കളി 
സുന്ദരിക്ക് പൊട്ട്കുത്ത്
വാലുനീട്ടല്‍ഉറിയടി  മത്സരം
വടംവലി 
ഓണശൈലികള്‍ 


അനുഷ്ഠാനകലകള്‍ 
ഓണത്തെയ്യം
വേലന്‍തുള്ളല്‍ 
ഓണപ്പൊട്ടന്‍
ഓണവില്ല്
അത്തപ്പൂക്കളം 


വിവിധയിനം പൂക്കള്‍ കൊണ്ട് അത്തപ്പൂക്കളം കൂട്ടുകാരോട് നിര്‍മ്മിക്കാന്‍ ആവശ്യപ്പെടാം . പരമാവധി നാട്ടുപൂക്കള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കണം .


 അത്തപ്പൂക്കളത്തിന്‍റെ സ്കെച്ച് നല്‍കി നിറം നല്‍കാനുള്ള പ്രവര്‍ത്തനവും നല്‍കാം . ഇവ തോരണമായി ഉപയോഗിക്കാവുന്നതാണ് .
ഓണപ്പാട്ടുകള്‍  


മാവേലി നാടുവാണീടും കാലം
  മാനുഷരെല്ലാരുമൊന്നുപോലെ.
  ആമോദത്തോടെ വസിക്കുംകാലം 
 ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും 
 ആധികള്‍ വ്യാധികളെങ്ങുമില്ല 
 ബാലമരണങ്ങള്‍ കേള്‍പ്പാനില്ല.  

പത്തായിരമാണ്ടിരിപ്പുമുണ്ട്
  പത്തായമെല്ലാം നിറവതുണ്ട്.  
എല്ലാകൃഷികളുമൊന്നുപോലെ   നെല്ലിനു നൂറു വിളവതുണ്ട്. 
 ദുഷ്ടരെ കണ്‍കൊണ്ട് കാണ്മാനില്ല
 നല്ലവരല്ലാതെയില്ലപാരില്‍. 

 ഭൂലോകമൊക്കെയുമൊന്നുപോലെ 
 ആലയമൊക്കെയുമൊന്നുപോലെ.
  നല്ല കനകം കൊണ്ടെല്ലാവരും
  നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്,  
നാരിമാര്‍ ബാലന്മാര്‍ മറ്റുള്ളോരും 
 നീതിയോടെങ്ങും വസിച്ചകാലം. 

 കള്ളവുമില്ലചതിയുമില്ല 
 എള്ളോളമില്ലാ പൊളിവചനം.  
വെള്ളിക്കോലാദികള്‍നാഴികളും   എല്ലാം കണക്കിനു തുല്യമായി.   കള്ളപ്പറയും ചെറുനാഴിയും 
 കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
  നല്ല മഴ പെയ്യും വേണ്ടും
 നേരം നല്ലപോലെല്ലാ വിളവും ചേരും. 
 മാവേലി നാടു വാണീടും കാലം,
 മാനുഷരെല്ലാരുമൊന്നുപോ


ഓണച്ചൊല്ലുകള്‍   


 • അത്തം വെളുത്താൽ ഓണം കറുക്കും.
 • അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ.
 • അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.
 • ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
 • ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.
 • ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
 • ഓണം കേറാമൂല.
·         ·  ഓണം പോലെയാണോ തിരുവാതിര?
·         ·  ഓണം മുഴക്കോലുപോലെ.
·         ·  ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
 • ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
 • ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
 • ഓണത്തിനല്ലയൊ ഓണപ്പുടവ.
 • ഓണത്തേക്കാൾ വലിയ വാവില്ല.
 • ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.
 • കാണം വിറ്റും ഓണമുണ്ണണം.
 • തിരുവോണം തിരുതകൃതി.
 • തിരുവോണത്തിനില്ലാത്തത് തിരുവാതിരയ്ക്ക്.
·          


മറ്റു ഓണ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ .....

ഓണസദ്യ

വള്ളംകളി

തിരുവാതിരക്കളി

ഊഞ്ഞാല്‍

പുലികളി

തുമ്പപ്പൂവ്

മഹാബലിയുടെ വേഷം ധരിച്ച ആളും കുട്ടിയും

അധ്യാപക സുഹൃത്തുക്കളോട് .....
       ഓണോത്സവം സമുചിതമായി സ്കൂളില്‍ ആഘോഷിക്കണം . ഓണസദ്യയും അത്തപ്പൂക്കള മത്സരവുമൊക്കെ സ്ഥിരംകാഴ്ചകളാണ് . കൂട്ടുകാര്‍ക്ക് വൈവിധ്യമാര്‍ന്ന കളികളും ഓണത്തിന്‍റെ സാമൂഹിക സാംസ്കാരികമായ മഹത്വവും വെളിവാക്കുന്ന പരിപാടികളും ഉള്‍പ്പെടുത്തണം . അതിന് മുകളില്‍ ചേര്‍ത്തിട്ടുള്ള കുറിപ്പും പ്രവര്‍ത്തനങ്ങളും ഉപയോഗിക്കണം . ഇതോടൊപ്പം നല്‍കിയിട്ടുള്ള ചിത്രങ്ങള്‍ ചേര്‍ത്ത് ഒരു power pt presentation ചുരുങ്ങിയ സമയം കൊണ്ട് നടത്താവുന്നതാണ് ..... 
എല്ലാവര്‍ക്കും ഓണാശംസകള്‍ ഒരിക്കല്‍ കൂടി ....
ഹൃഷികേശ് എ എസ് 
ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ 
ബാലരാമപുരം

No comments:

Post a Comment