UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Sunday, 1 June 2014

എ ഇ ഓയുടെ ഡയറി

ചില പ്രവേശനോത്സവചിന്തകള്‍ ....... 


               ജൂണ്‍ രണ്ട് ....... പുതിയ അധ്യയനവര്‍ഷം കൂടി ആരംഭിക്കുന്നു .... തികച്ചും ഉത്സവാന്തരീക്ഷത്തിലാണ് പ്രവേശനോല്‍സവം എല്ലാ വിദ്യാലയങ്ങളിലും നടക്കുന്നത് . ഇന്നു ഞായറാഴ്ചയടക്കം അവധിദിനങ്ങളില്‍ മുന്നോരുക്കങ്ങളുമായി അധ്യാപകര്‍ വിദ്യാലയങ്ങളില്‍ ഒരുമിച്ചു കൂടിയിരുന്നു . ചില വിദ്യാലയങ്ങളില്‍ ഞാനും പങ്കാളിയായി .....
              പഠനത്തിന്‍റെ പുത്തന്‍ പാഠങ്ങള്‍ തേടി വിദ്യാലയത്തില്‍ എത്തിച്ചേരുന്ന കൂട്ടുകാരോട് ചില നന്മ നിറഞ്ഞ ചിന്തകള്‍ കൂടി ഈ അവസരത്തില്‍  പങ്കുവയ്ക്കുന്നു .......
               നമുക്ക് ലഭിക്കുന്ന വിദ്യയെ വിദ്യയാക്കുന്നതും പൂര്‍ണ്ണമാക്കുന്നതും ഗുരുത്വമാണ് അല്ലെങ്കില്‍ വിനയമാണ് . വിനയശീലം നമ്മെ പഠിപ്പിക്കുന്നത് ഗുരുക്കന്മാരുടെ ഇടപെടലുകളാണ് . ഗുരു എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ വളരെ വലുതാണ്‌ . ഗു എന്നാല്‍ ഇരുട്ട് . രു എന്നാല്‍ ആ ഇരുട്ടിനെ തടയുന്ന സിദ്ധി . നമ്മളിലെയ്ക്ക് കടക്കുന്ന ഇരുട്ടിനെ , അജ്ഞാനത്തിനെ തടഞ്ഞ്‌ പ്രകാശം നിറയ്ക്കുന്ന ആളാണ്‌ ഗുരു . ഗുരു സങ്കല്‍പ്പത്തിന്‍റെ മഹത്വം വെറും വാക്കുകളില്‍ പറഞ്ഞുതീര്‍ക്കാവുന്നതല്ല . 
               ഗുരു സങ്കല്പം തികച്ചും ഭാരതീയമാണ് . ഭാരതത്തില്‍ മാത്രമേ ഗുരു ശിഷ്യ ബന്ധത്തിന്‍റെ ആഴവും പവിത്രതയും നമുക്ക് കാണാനാവൂ .... പാശ്ചാത്യസങ്കല്പത്തില്‍ ഗുരു ഇല്ല . ടീച്ചര്‍ മാത്രമേയുള്ളൂ .... ഗ്രന്ഥത്തില്‍ കാണുന്നത് തന്നാലാവും വിധം പറഞ്ഞുകൊടുക്കുന്നതോടെ ടീച്ചര്‍ക്ക് രംഗം വിടാം . അതല്ല ഗുരുവിന്‍റെ സ്ഥിതി .... ഗുരു ഒരു നിത്യമായ സ്വാധീനവും സത്യമായ പ്രകാശവുമാണ് . വിദ്യ അര്‍ത്ഥിച്ചുവരുന്ന  അര്‍ഹനായ ശിഷ്യനെ പുത്രഭാവേന സ്വീകരിച്ച് ഒപ്പം നിറുത്തി ജീവിതം എന്ന വിശിഷ്ട്ടമായ കല പഠിപ്പിക്കുന്ന മഹത്വമാണ് അത് . ഗുരു നിയോഗം , ഗുരു കടാക്ഷം , ഗുരുപ്രസാദം എന്നൊക്കെ ഓരോ ശിഷ്യന്റെയും വിജയ മുഹൂര്‍ത്തങ്ങളില്‍ പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും ......
               നമ്മെ നാമാക്കുന്ന ഗുരുക്കന്മാരുടെ കര്‍മ്മഭൂമി കൂടിയാണ് വിദ്യാലയങ്ങള്‍ . പരിപാവനമായ വിദ്യാലയത്തിന്റെ നന്മയും പുണ്യവും നിങ്ങളില്‍ ഓരോരുത്തരുടെയും മനസ്സിലേയ്ക്ക് പകരാന്‍ പുതുവര്‍ഷത്തിലും കഴിയട്ടെ ...... 
എല്ലാ കൂട്ടുകാര്‍ക്കും ആശംസകള്‍ നേരുന്നു .....
                                  ഹൃഷികേശ് . എ എസ്‌
                        ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ 
                                          ബാലരാമപുരം 

No comments:

Post a Comment