UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Thursday, 17 December 2015

എഇഒ ടെ ഡയറിക്കുറിപ്പ്

       വെളിച്ചം 2016 ന്‍റെ നേര്‍ക്കാഴ്ച
              കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ വായനയിലും എഴുത്തിലും കൂട്ടുകാര്‍ പിന്നോക്കം നില്‍ക്കുന്നു എന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത്തരം പഠനപ്രശന്ങ്ങളെ പരിഹരിക്കാന്‍ കഴിയുന്ന പ്രവര്‍ത്തന പരിപാടിയുമായി പൊതുവിദ്യാലയങ്ങളെ ഉണര്‍ത്താന്‍ ' വെളിച്ചം 2016 '  നടപ്പിലാക്കിയ തിരുവനന്തപുരം ഡയറ്റിനെ മനസ്സാവണങ്ങിക്കൊണ്ടാണ് നിരന്തരമായ വിലയിരുത്തലിലൂടേയും സ്കൂള്‍ സന്ദര്‍ശനത്തിലൂടെയം തയ്യാറാക്കിയ ഈ ഡയറിക്കുറിപ്പ് അവതരിപ്പിക്കുന്നത്.................
            ബാലരാമപുരം ഉപജില്ലയിലെ 10 വിദ്യാലയങ്ങള്‍ മാത്രമാണ് ഈ പരിപാടിയ്ക്ക് വേണ്ടി തെരെഞ്ഞെടുത്തിട്ടുള്ളത്...... പ്രവര്‍ത്തനങ്ങളുടെ മികവും കാര്‍ഡുകളുടെ വൈവിധ്യവും മറ്റ് വിദ്യാലയങ്ങളെയും ഈ പ്രവര്‍ത്തനപരിപാടിയിലേയ്ക്ക് ആവേശപൂര്‍വ്വം ആകര്‍ഷിച്ചിട്ടുണ്ട്.  അതിന്‍റെ പരിണിത ഫലമായി പല വിദ്യാലയങ്ങള്‍ക്കും വായന കാര്‍ഡ് ലഭിച്ചില്ല........... എന്ന പരാതി നിലവിലുണ്ട്.  ഇത് ഈ പരിപാടിയോടുള്ള എന്‍റെ അദ്ധ്യാപകരുടെ സജീവമായ താല്പര്യത്തെയാണ് സൂചിപ്പിക്കുന്നത്...............
           രണ്ടാം തരത്തിലെ അദ്ധ്യാപകരുടെ ‌ഒാരോ കൂടിച്ചേരലിലും നിരന്തരമായ സ്കൂള്‍ സന്ദര്‍ശനങ്ങളിലും വെളിച്ചം 2016 ഒരു അജണ്ടയായി തീരുമാനിച്ച് സജീവമായ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയമാക്കിയിരുന്നു ....... പ്രഥമാദ്ധ്യാപകരോടും അദ്ധ്യാപകരോടും ഈ പരിപാടിയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ നിരന്തരം അന്വേഷിച്ചിരുന്നു.  അതിന്‍റെ ക്രോഡീകരണമാണ് ഈ ഡയറിക്കുറിപ്പിന്‍റെ ഉള്ളടക്കം.
             ഇതുവരെ 25 ലധികം കാര്‍ഡുകള്‍ വിദ്യാലയങ്ങള്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്.  കുട്ടിപ്പുര, നാടിനെ രക്ഷിച്ച വീരബാഹു എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്‍ഡുകളാണ് ഇതുവരെ നല്‍കികഴിഞ്ഞത്............ഇതില്‍ കൂടുതല്‍ മുന്നേറിയ വിദ്യാലയങ്ങളും നിലവിലുണ്ട്.  പതിവുപോലെ ശാസ്ത്രമേളകള്‍, സ്കൂള്‍ യുവജനോത്സവത്തിന്‍റെ മുന്നൊരുക്കം എന്നിവ വായനകാര്‍ഡുകള്‍ നല്‍കുന്നതിന് ആവശ്യമായ സാവകാശം, സമയം എന്നിവ ക്ലാസ് റൂമുകളില്‍ ലഭിക്കുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുുണ്ട്. ..... എന്നാലും സൃഷ്ടിപരാമായി ഈ പ്രവര്‍ത്തനപരിപാടിയെ സമീപിക്കാനും വിജയിപ്പിക്കാനും ഞങ്ങളുടെ അദ്ധ്യാപക കൂട്ടായ്മയ്ക്ക് കഴിഞ്ഞിരിക്കുന്നു...............
വെളിച്ചം 2016 നെ സംബന്ധിച്ച് മുത്ത് കണ്ടെത്തിയ മികവുകള്‍

 • ക്ലാസ് പ്രവര്‍ത്തനവുമായും പാഠപുസ്തകവുമായും ഈ പ്രവര്‍ത്തനങ്ങള്‍ ചേര്‍ന്ന് പോകുന്നതുകൊണ്ട് പഠനത്തില്‍ തുടര്‍ച്ച നിലനിര്‍ത്തുന്നതും ഉത്ഗ്രഥിതമായി വായനാപ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിനും കഴിയുന്നു.
 • പല കാര്‍ഡുകളും അനവധി സാധ്യതകള്‍ക്ക് ( പഠനവുമായി ബന്ധപ്പെട്ട ) പ്രയോജനപ്പെടുത്തുന്നതായി കാണാന്‍ കഴിഞ്ഞു.    പരിസരപഠനം, ഗണിതം എന്നീ വിഷയവുമായി  രണ്ടാം ക്ലാസുകാരെ ബന്ധപ്പെടുത്തുന്നതിന് ഈ പ്രവര്‍ത്തനങ്ങളിലൂടെ കഴിയും
ഉദാ- കാര്‍ഡ് നം.18, വ്യക്തി ശുചിത്വം, പരിസരശുചിത്വം
 • ഭാഷാവ്യവഹാരങ്ങളുടെ സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്നതിന് അനന്തമായ സാധ്യതകള്‍ ഈ കാര്‍ഡുകളില്‍ ഉണ്ട്.  അത് ഫലപ്രദമായി ക്ലാസ് മുറിയില്‍ നടപ്പിലാക്കാന്‍ കഴിയുന്നു...
 • ചിത്രംവര, നിറങ്ങള്‍ നല്‍കല്‍, എന്നിങ്ങനെയുള്ള എംഐ ( മള്‍ട്ടിപ്പിള്‍ ഇന്‍റലിജിന്‍സ്) മായി ബന്ധപ്പെട്ട നിരവധി കഴിവുകള്‍ കൂട്ടുകാര്‍ ഇതിലൂടെനേടി...................
 • ഒരേ കാര്‍ഡ് തന്നെ വൈവിധ്യമാര്‍ന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നു.......
 • പല വിദ്യാലയങ്ങളിലും പഠനത്തില്‍/വായനയിലും എഴുത്തിലും പിന്നോക്കം നില്‍ക്കുന്ന മറ്റു ക്ലാസുകളിലെ കൂട്ടുകാര്‍ക്ക് ഈ കാര്‍ഡ് പ്രയോജനപ്പെടുത്തുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്.
 • പുതിയ പഠനോപകരണങ്ങളുടെ നിര്‍മ്മാണത്തിലും പ്രയോഗത്തിനും അത്തരത്തിലുള്ള ചിന്തയ്ക്കും അദ്ധ്യാപകര്‍ക്ക് പ്രചോദകമായിരുന്നു ചില കാര്‍ഡുകള്‍
                 ഉദാ- കാര്‍ഡ് നം.20 (അക്ഷര ചക്രം)
 • കൂട്ടുകാരുടെ സ്വഭാവരൂപവല്‍ക്കരണത്തിനും ശീലങ്ങള്‍ ഉണ്ടാക്കുന്നതിനും അനുയോജ്യമായ നിരവധി കാര്‍ഡുകള്‍ പ്രവര്‍ത്തന രൂപത്തില്‍ ഇവയിലുണ്ട്.
 • കാര്‍ഡില്‍തന്നെ നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി താഴെ ലളിതമായി നല്‍കിയത് അനുയോജ്യമായി.
 • പൊതുനിര്‍ദ്ദേശങ്ങള്‍, ലഭിച്ച പരിശീലനം എന്നിവയും കാര്‍ഡുകള്‍ ലക്ഷ്യബോധത്തോടെ കൂട്ടുകാര്‍ക്ക് നല്‍കുന്നതിന് സഹായകമായി.
 • വാക്യകേളികള്‍, പദകേളികള്‍, വളരുന്ന വാക്യങ്ങള്‍ എന്നിവയൊക്കെ കാര്‍ഡുകളുടെ ഭംഗമാക്കിയത് അത്യധികം താല്പര്യം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് ശ്രമം നടത്തുന്നതിന് അദ്ധ്യാപകരെ സഹായിച്ചു.
 • എഴുത്തിന് പ്രശ്നങ്ങളായി അനുഭവപ്പെടുന്ന ചില്ലുകള്‍, അടയാളങ്ങള്‍, കൂട്ടുക്ഷരങ്ങള്‍ എന്നിവ ഉറപ്പിക്കാന്‍ കഴിയുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈ കാര്‍ഡുകളിലൂടെ നല്‍കാന്‍ കഴിഞ്ഞു.
 • കാര്‍ഡുകളിലെ ചിത്രങ്ങള്‍ മനോഹരം..... കൂട്ടുകാര്‍  ഈ ചിത്രങ്ങള്‍ നോട്ടുബുക്കുകളിലേയ്ക്ക് പകര്‍ത്താനുള്ള ശ്രമം ശ്രദ്ധയില്‍പ്പെട്ടു...........
 • വായനയുടെരീതി ശാസ്തത്തെ അടുത്തറിയുന്നതിനും കൂട്ടുകാരെ പരിശീലിപ്പിക്കുന്നതിനും അനുയോജ്യമാണ് ഒാരോ കാര്‍ഡും.
 •  വായനയില്‍ താല്പര്യം കൂട്ടുകാരില്‍ സൂക്ഷിക്കുന്നതിനും ആ വായന ചെറുപുസ്തകങ്ങളിലേയ്ക്കും ബാലമാസികകളിലേയ്ക്കും പടര്‍ത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്............
 • ഒാരോ കാര്‍ഡും ഒാരോ പഠനതന്ത്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്...............അങ്ങനെ പരിശോധിച്ചാല്‍ വെളിച്ചം 2016 ലൂടെ അന്‍പതിലധികം പഠനതന്ത്രങ്ങള്‍ അദ്ധ്യാപകര്‍ക്ക് പരിചിതമാകുന്നു........
പരിമിതികള്‍
മികവുകളെക്കുറിച്ച് മാത്രമേ  വെളിച്ചം 2016 നെ കുറിച്ച് പറയുന്നുള്ളു............. എങ്കിലും ........ഉപയോഗത്തിന്‍റെ വെളിച്ചത്തില്‍..........മെച്ചപ്പെടുത്തുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ മുത്ത് മുന്നോട്ട് വയ്ക്കുന്നു.

 • ഇവയുടെ ക്ലാസ് റൂം സാധ്യതകളുമായി ബന്ധപ്പെട്ട് ഇടക്കാല വിലയിരുത്തല്‍ കൂടി സബ്ജില്ല/ജില്ല തലങ്ങളില്‍ സംഘടിപ്പിക്കേണ്ടതായിരുന്നു.  കുറച്ച്കൂടി ഗൗരവം ഈ പ്രവര്‍ത്തനപരിപാടി നടപ്പിലാക്കുന്നതിന് അതിലൂടെ കഴിയുമായിരുന്നു....... എച്ച്എം കോണ്‍ഫറന്‍സുകളില്‍ ഇതിനുള്ള സാധ്യതകള്‍ തുറന്ന് വിടണം.
 • ലാമിനേറ്റ് ചെയ്ത കാര്‍ഡുകളായിരുന്നെങ്കില്‍ പുനരുപയോഗ സാധ്യതയ്ക്ക് കൂറച്ച് കൂടി സൗകര്യമാകുമായിരുന്നു.  ഗ്രൂപ്പില്‍ നല്‍കുന്പോള്‍ എളുപ്പം അഴുക്ക് പിടിക്കുന്ന എന്ന അനുഭവുമുണ്ട്.
 • ടീച്ചര്‍ കോപ്പി പലയിടത്തും കിട്ടിയില്ല.  ....................... ഒരു ടീച്ചര്‍ കോപ്പി കൂടി നല്‍കാമായിരുന്നു.

 • പല വിദ്യാലയങ്ങളും വെളിച്ചം 2016 നന്നായി ഏറ്റെടുത്തിരുന്നു.  അവയുടെ മികവുകള്‍ കൂടി പങ്കുവയ്ക്കുന്നതിനുള്ള സാധ്യതകള്‍ പരമാവധി ഒരുക്കണമായിരുന്നു.
 • ഞങ്ങളുടെ കുറച്ചുകൂട്ടൂകാര്‍ക്ക് മാത്രം വന്ന സൗഭാഗ്യം വായനയുടെ ലോകത്തേയ്ക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റ് വിദ്യാലയങ്ങളിലും കൂടി നടപ്പിലാക്കേണ്ടതുണ്ട്.
             ഇതൊരു ആധികാരിക വിലയിരുത്തലേ അല്ല........... ചില അനുഭവക്കുറിപ്പുകള്‍ മാത്രമാണ്.  ഇതിനു പിന്നിലുള്ള എല്ലാ സുമനസ്സുകള്‍ക്കും മുത്തിന്‍റെ പ്രണാമം.  എന്നാലും കുറച്ചുകൂടി മെച്ചപ്പെടാം എന്ന അത്യാഗ്രഹത്തിന്‍റെ ഫലമാണീ ഡയറിക്കുറിപ്പ്.......... പതിവുപോലെ ഒരു നല്ല പ്രവര്‍ത്തനത്തെക്കുറിച്ച് ഒരുപാട് എഴുതണമെന്നുണ്ട് .ഈ പരിമിധിക്കിടയില്‍ നിന്നുകൊണ്ട് ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍ എന്ന നിലയില്‍ ഞാന്‍ നേരിട്ട് നിരീക്ഷിച്ചറിഞ്ഞ  മികവുകളുടെ ക്രോഡീകരണമാണ്  ഇത്. ഇതിലെ നന്മകള്‍, നിര്‍ദ്ദേശങ്ങള്‍ ക്രിയാത്മക ചിന്തയ്ക്കും പരിപാടിയുടെ മെച്ചപ്പെടലിനും പ്രചോദകമാകുമെന്ന് പ്രതീക്ഷിക്കുന്നു... 

            ഒരു അവധിക്കാലം കൂടി വന്നെത്തിയല്ലോ...........
ചില പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കാം...........

 • വായനയിലൂടെ വസന്തം നെഞ്ചിലേറ്റാന്‍ എന്‍റെ കൂട്ടുകാര്‍ ഈ അവസരം ഉപയോഗിക്കണം.  2015 നമ്മോട് വിടപറയാന്‍ പോകുകയാണ്.  നിങ്ങളുടെ അനുഭവങ്ങളുടെ ഒരു നേര്‍ക്കാഴ്ച ഡയറിക്കുറിപ്പിന്‍റെ രൂപത്തില്‍ തയ്യാറാക്കാ ന്‍ ശ്രമിക്കണം.  ഇതിന് കൂട്ടുകാരെ എന്‍റെ അദ്ധ്യാപകര്‍ സഹായിക്കണം.
 • ഭാരതത്തിന്‍റെ അഭിമാനമായി മാറിയ വിഴിഞ്ഞം തുറമുഖ പദ്ധതി നമ്മുടെ സബ് ജില്ലയിലാണ്.  ഇത് നാം ഏറ്റുവാങ്ങിയ വര്‍ഷമാണിത്.  പത്രവാര്‍ത്തകള്‍ ശേഖരിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി സൂക്ഷിക്കണം. ഭാവിയില്‍ അത് നമുക്ക് ഉപകരിക്കും.  നിങ്ങളുടെ ജീവിതത്തിലെ ഒരു അമൂല്യനിധിയായിരിക്കും ഇത് ...
 •   2016 നെക്കുറിച്ച് നിങ്ങളുടെ സ്വപ്നങ്ങള്‍ കുറിക്കൂ.
        ഈ കുറിപ്പുകള്‍ എനിക്ക് കൂടി പഠിക്കുവാന്‍ തരുമല്ലോ.............
   എല്ലാ അദ്ധ്യാപക സുഹൃത്തുക്കള്‍ക്കും കൂട്ടുകാര്‍ക്കും മുത്തിന്‍റെ ക്രിസ്മസ് ആശംസകള്‍ നേരുന്നു.  കൂട്ടത്തില്‍ മുന്നോടിയായി ഒരു പുതുവത്സരാശംസകളും നേരുന്നു.
  

       തത്കാലം നിര്‍ത്തുന്നു.


                                                                                                      സ്നേഹപൂര്‍വ്വം
                                                                                               ഹൃഷികേശ്.എ.എസ്
                                                                                              എഇഒ ബാലരാമപുരം


2 comments: