UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Saturday, 21 June 2014

വായനാവാരം

വായനയുടെ മധുരം നുകരാന്‍ ....

     വായനാവാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിവിധ വിദ്യാലയങ്ങളില്‍ ഭംഗിയായി നടക്കുന്നു . നല്ല ഒരു കാഴ്ചക്കാരനായി കേള്‍വിക്കാരനായി കൂട്ടുകാരുടെ ഇടയിലെത്തുമ്പോള്‍ നല്ല വായനാനുഭവങ്ങളുടെ മണവും രുചിയും എനിക്കും അറിയാന്‍ കഴിയുന്നു ...... കൂട്ടുകാരുടെ വായനാനുഭവവങ്ങള്‍ക്ക് ശക്തിപകരാന്‍ നല്ല പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന തിരക്കിലാണ് അധ്യാപകരും .... പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതിന് പല വിധ തന്ത്രങ്ങളാണ് അധ്യാപകര്‍ പ്രയോജനപ്പെടുത്തുന്നത് . അവയില്‍ ഞാന്‍ കണ്ട ചില തന്ത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു ....
  • പുസ്തക കുറിപ്പുകളുടെ അവതരണം
  • പുസ്തകങ്ങളുടെ  ഉള്ളടക്കത്തിന്‍റെ അവതരണം / ചിത്രീകരണം 
  • പുറംതാള്‍ കുറിപ്പുകളുടെ അവതരണം 
  • പുസ്തകത്തിന്‍റെ അവതാരികകളുടെ അവതരണം
  • പാഠപുസ്തകങ്ങളിലെ കഥകള്‍ /കവിതകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ 
  • പുസ്തക പ്രദര്‍ശനത്തിലൂടെ .... പുസ്തകത്തിലെ പ്രധാനപ്പെട്ടതും ആകര്‍ഷകവുമായ ഭാഗങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ ....
  • പുസ്തകചര്‍ച്ചകളിലൂടെ ....
പുസ്തകങ്ങള്‍ കൂട്ടുകാര്‍ക്ക് വേണ്ടി തെരഞ്ഞെടുക്കുന്നതിലും ശ്രദ്ധ അത്യാവശ്യമാണ് ...
  • അവന്‍റെ നിലവാരത്തിനും ചിന്തയ്ക്കും അനുയോജ്യമായ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം 
  • കൂട്ടുകാരുടെ ധര്‍മ്മബോധത്തെയും അറിവ് നിര്‍മ്മാണത്തെയും വളര്‍ത്താന്‍ കഴിയുന്ന പുസ്തകങ്ങളായാല്‍ നല്ലത് 
  • അവന്‍റെ ചുറ്റുപാടുകളെയും കൗതുകങ്ങളെയും അംഗീകരിക്കുന്ന ഉള്ളടക്കമായിരിക്കണം 
  • ചിത്രങ്ങളുള്ളതും വായനയുടെ തുടര്‍ച്ചയെ സഹായിക്കുന്നതുമായ പുസ്തകങ്ങളാണ് ആദ്യഘട്ടങ്ങളില്‍ നല്ലത് 
കൂട്ടുകാര്‍ക്ക് വേണ്ടി വായനയ്ക്കും വിശകലനത്തിനും പുസ്തക ചര്ച്ചയ്ക്കുമായി നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങള്‍ തീര്‍ച്ചയായും അധ്യാപികയും വായിച്ചിരിക്കണം . കുട്ടി കടന്നു പോകേണ്ട എല്ലാ ഘട്ടങ്ങളിലൂടെയും അധ്യാപികയും സഞ്ചരിക്കണം ....വിശകലനാത്മക വായന നടത്തുന്ന അധ്യാപിക വായനയ്ക്ക് നല്‍കേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം . ഒപ്പം ഒരു പുസ്തക കുറിപ്പ് എഴുതി തയ്യാറാക്കുകയും വേണം .... പുസ്തക രചയിതാക്കളെ പരിചയപ്പെടുത്തുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തണം . ഈ പ്രവര്‍ത്തനങ്ങള്‍ ഒരു പ്രത്യേക ശേഖരമായി സൂക്ഷിച്ചാല്‍ നന്ന്‍ ....
ഞാന്‍ കണ്ട വായനാപ്രവര്‍ത്തനം 
ഒരു മലയാളം അധ്യാപിക തന്‍റെ കൂട്ടുകാര്‍ക്ക് വേണ്ടി തയ്യാറാക്കിയ വായനാ പ്രവര്‍ത്തനമാണ് ഇവിടെ അവതരിപ്പിക്കുന്നത് ...
ല്‍ബിയുടെ മുത്തശ്ശി....
ആല്‍ബി ഒരു മിടുക്കനായ കൂട്ടുകാരനാണ് ... ആല്‍ബിക്കുട്ടന് മുത്തശ്ശി മാത്രമേ ഈ ലോകത്ത് സ്വന്തമായുള്ളൂ... കീറിപ്പിന്നിയ കുപ്പായവും പോട്ടിപ്പഴകിയ സ്ലേറ്റും കീറിയ പുസ്തകങ്ങളുമാണ് ആല്‍ബിക്കുണ്ടായിരുന്നത് ... പക്ഷേ കൂട്ടുകാരുടെ കാര്യത്തില്‍ അവന്‍ സമ്പന്നനാണ് ...  സ്കൂളിലെ കൂട്ടുകാര്‍ക്ക് പുറമേ കണ്ടന്‍ പൂച്ചയും ചെമ്പോത്തും പട്ടിക്കുഞ്ഞുമൊക്കെ അവന്‍റെ കൂട്ടുകാരാണ് ...മുത്തശ്ശി അടുത്ത വീട്ടില്‍ അടുക്കളപ്പണി ചെയ്തു കിട്ടുന്ന കൂലി കൊണ്ടാണ് അവര്‍ രണ്ടുപേരും കഴിയുന്നത് . ക്ലാസ്സിലെ മിടുക്കനായ കുട്ടിയാണ് ആല്‍ബി . ഒരു ദിവസം ടീച്ചര്‍ ക്ലാസ്സില്‍ ഒരു ചോദ്യമുയര്‍ത്തി .... സമ്മാനമായി ഒരു പേനയും ഉയര്‍ത്തിക്കാട്ടി ... ആര്‍ക്കും ഉത്തരമറിയില്ല . അവസാനം ടീച്ചര്‍ ആല്‍ബിയോട്  ചോദിച്ചു " ആല്‍ബിയ്ക്കറിയാമോ ? " " അറിയാം "എന്നായിരുന്നു ആല്‍ബിയുടെ ഉത്തരം . എന്നിട്ടുമെന്താ പറയാത്തെയെന്ന ചോദ്യത്തിന് വേറെയാരെങ്കിലും ഉത്തരം പറഞ്ഞാല്‍ അവര്‍ക്ക് സമ്മാനം കിട്ടട്ടെ എന്ന് കരുതിയാണ് പറയാതിരുന്നത് എന്നായിരുന്നു ആല്‍ബിയുടെ മറുപടി .....
ആല്‍ബിയ്ക്ക് സമ്മാനം ലഭിച്ചപ്പോള്‍ മറ്റു കുട്ടികള്‍ക്കാര്‍ക്കും വിഷമം തോന്നിയില്ല . പകരംനിറഞ്ഞു കയ്യടിക്കുകയാണ് അവര്‍ ചെയ്തത് .... ഒരു ദിവസം ആല്‍ബിയെക്കാണാന്‍ പട്ടണത്തില്‍ നിന്നും ഒരാളെത്തി ....
 എന്തിനായിരിക്കും ആല്‍ബിയെക്കാണാന്‍ അയാളെത്തിയത് ?
ആല്‍ബിയ്ക്ക് പിന്നെ എന്ത് സംഭവിച്ചു കാണും ?

ആന്‍റ്ന്‍ ചെക്കോവിന്റെ വാങ്ക എന്ന കഥയെ അധികരിച്ച് ഡോ എം എ സിദ്ദിക് എഴുതിയ കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള നോവലാണ്‌ " പ്രിയപ്പെട്ട മുത്തശ്ശിയ്ക്ക് " ഈ കുഞ്ഞു പുസ്തകം വായിക്കൂ .. ആല്‍ബിയുടെയും മുത്തശ്ശിയുടെയും കൂട്ടുകാരുടെയും കഥകള്‍ കൂട്ടുകാരോട് പറയൂ ....
പിന്‍കുറിപ്പ്‌ 
പ്രിയപ്പെട്ട മുത്തശ്ശിയ്ക്ക്  എന്ന പുസ്തകം എഴുതിയ ഡോ എം എ സിദ്ദിക്  കൂട്ടുകാര്‍ക്ക് ഇഷ്ട്ടപ്പെടുന്ന കൂട്ടുകാരെ ഇഷ്ട്ടപ്പെടുന്ന ഒരു കഥാകാരനാണ് . അദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ " ആല്‍ബിയുടെ കഥ ആയിരക്കണക്കിന് വേദികളില്‍ പതിനായിരക്കണക്കിനു കൂട്ടുകാരുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട് " . കൂട്ടുകാരുടെ മനസ്സറിഞ്ഞ് കഥ പറയാനും കഥകള്‍ മെനയാനും സംവദിക്കാനും കഴിയുന്ന ചുരുക്കം ചില സാഹിത്യകാരന്മാരില്‍ ഒരാളാണ് ശ്രീ എം എ സിദ്ദിക് .


 കോളേജ്‌ അധ്യാപകനായ അദ്ദേഹം നമ്മുടെ സബ്ജില്ലയിലെ അധ്യാപക ദമ്പതികളായിരുന്ന ശ്രീ മുഹമ്മദ്‌ ഹനീഫ സാറിന്റെയും ആബിദാ ടീച്ചറിന്റെ യും മകനാണ് . കഥ പറയുന്നതിന്‍റെ കരുത്ത് അനുഭവിച്ചറിയുന്നതിന് ശ്രീ എം എ സിദ്ദിക് സാറിന്‍റെ കൂട്ടുകാരുമായുള്ള സംവാദ സദസ്സുകള്‍ അനുഗ്രഹമാണ് ......

No comments:

Post a Comment