UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Thursday, 21 November 2013

എ ഇ ഒയുടെ ഡയറി 9

വിളയുന്ന വായന

രാവിലെ വീട്ടില്‍ നിന്നും ഓഫീസിലേയ്ക്ക് വരുന്ന വഴി വെങ്ങാനൂര്‍ സെന്റ്‌ അലോഷ്യസ്‌ സ്കൂളില്‍ കയറി . കൂട്ടുകാര്‍ എത്തിത്തുടങ്ങുന്നതേയുള്ളൂ. പ്രഥമാധ്യാപകന്‍ രാവിലെ തന്നെ എത്തിയിട്ടുണ്ട് . സാറിനൊപ്പം സ്കൂളും പരിസരവും നടന്നു കണ്ടു . ക്ലാസ്സ്‌ തുടങ്ങി . ഒരു ക്ലാസ്സില്‍ കയറി . അധ്യാപിക വായനാപ്രവര്ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു . ചെറിയൊരു ഇടവേളയില്‍ ഞാന്‍ കൂട്ടുകാരോട് ചോദിച്ചു " എനിക്ക് വായിക്കാനൊരു പുസ്തകം വേണം . നിങ്ങള്‍ക്ക്‌ ഇഷ്ട്ടമുള്ള ഒരു പുസ്തകം വായിക്കാനായി എനിക്ക് തരാമോ ? " കൂട്ടുകാര്‍ പുസ്തകമന്വേഷിച്ച് വായനാമൂലയിലേക്ക്‌ ...... വായനാമൂലയില്‍ നിറയെ പുസ്തകങ്ങള്‍ നിരത്തി വച്ചിരിക്കുന്നു . 


അക്ഷയ ഒരു പുസ്തകവുമായി എന്‍റെ മുന്നിലെത്തി . ഒരു കവിതാപുസ്തകം . ഇരുപത്തിനാല് കവിതകളുണ്ട് ആ കുഞ്ഞുപുസ്തകത്തില്‍.... " അക്ഷയ നന്നായി കവിതകളെഴുതും" . അധ്യാപിക അവളെ എനിക്ക് പരിചയപ്പെടുത്തി ..... അവളോട് ഓടക്കുഴല്‍ എന്ന പുസ്തകത്തെക്കുറിച്ച് ചില കാര്യങ്ങള്‍ ചോദിച്ചു . 


വിശകലനാത്മകവായനയെക്കുറിച്ച് ചില ധാരണകള്‍ അവള്‍ക്കുണ്ട് . വായനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ടീച്ചറുമായി ഞാന്‍ ചര്‍ച്ച ചെയ്തു .....
ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ 
  • വായനാ പ്രവര്‍ത്തനങ്ങള്‍ ക്ലാസ്സ്‌ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കണം 
  • കുട്ടിയോട് വായിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങള്‍ തീര്‍ച്ചയായും അധ്യാപികയും വായിച്ചിരിക്കണം 
  • വായിക്കാന്‍ പ്രേരണ നല്‍കുന്ന ചില പ്രവര്‍ത്തനങ്ങള്‍ നല്‍കണം 
  • വായിച്ചു കഴിഞ്ഞ പുസ്തകങ്ങളെ കുറിച്ച് ക്ലാസ്സില്‍ ചര്‍ച്ച ചെയ്യണം 
  • അധ്യാപികയുടെ വായനാനുഭവങ്ങള്‍ കൂട്ടുകാരുടെ ഭാഷയില്‍ പങ്കു വയ്ക്കണം 
  • ചില കഥകളും കവിതകളും പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി അധ്യാപിക വായിച്ചുകേള്‍പ്പിക്കണം 
  • പുസ്തകകുറിപ്പുകള്‍ , വായനാകുറിപ്പുകള്‍ എന്നിവയുടെ മാതൃകകള്‍ കാണാനുള്ള അവസരം ഒരുക്കണം 
  • പുസ്തകവായനയ്ക്ക്ശേഷം ചില തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കണം ( ആശയത്തെ അധികരിച്ച് ചിത്രം വര , നിരൂപണകുറിപ്പ്‌ , പുസ്തകവാര്ത്തകള്‍ , .....)
  • വായനയുടെ രീതിശാസ്ത്രം കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തണം 
  • പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്ന രീതി ചര്‍ച്ച ചെയ്യണം 
  •  
വായന കൂട്ടുകാരുടെ ചിന്തയെ പരിപോഷിപ്പിക്കും . ബാല്യം കൂട്ടുകാരുടെ ചിന്ത വളര്‍ന്നുവരുന്ന കാലഘട്ടമാണ് . സംസ്ക്കാരസമ്പന്നനായി വളരാനും നല്ല ഭാഷ കരഗതമാക്കാനും ഉള്ള ഏറ്റവും നല്ല വഴിയാണ് വായന . വായനയുടെ ശീലം സ്കൂള്‍ തലത്തില്‍ തന്നെ വളര്‍ത്തിയെടുക്കണം . അത് ചിത്രവായനയില്‍ നിന്നും തുടങ്ങണം . മനസ്സിന്റെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനുമുള്ള പോഷകങ്ങള്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് പുസ്തകങ്ങളിലാണ് . ഒരു നല്ല സാമൂഹ്യ മനുഷ്യനായി കൂട്ടുകാര്‍ മാറുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് പുസ്തകവായന . ഭാവനകള്‍ വിടര്‍ത്തുന്ന കഥകളും മറ്റും ബാലസാഹിത്യ കൃതികളിലും മാസികകളിലും നിന്നും കണ്ടെത്തി കൂട്ടുകാരെ പരിചയപ്പെടുത്തൂ ........
           നിങ്ങളോടൊപ്പം ഈ ജോലിത്തിരക്കിനിടയിലും ഞാനും ചില പുസ്തകങ്ങള്‍ വായിക്കാറുണ്ട് . വൈകുന്നേരങ്ങളില്‍ ലാബ് എന്ന് ഞാന്‍ വിളിക്കാന്‍ ആഗ്രഹിക്കുന്ന എന്‍റെ സ്വകാര്യലോകത്തിരുന്നാണ് എന്‍റെ വായന ... അങ്ങനെ ഈയിടെ വായിച്ച രണ്ടു പുസ്തകങ്ങളില്‍ ഒന്ന് കൂട്ടുകാര്‍ക്കും മറ്റൊന്ന് അധ്യാപക സുഹൃത്തുക്കള്‍ക്കുമായി പരിചയപ്പെടുത്തുന്നു .....
വാന്‍ക.....കൂട്ടുകാരെ കണ്ണീരണിയിക്കുന്ന കഥ 


ആന്‍റ്‌ന്‍ ചെക്കോവ് എന്ന റഷ്യന്‍ എഴുത്തുകാരന്‍ കൂട്ടുകാര്‍ക്ക് വേണ്ടി എഴുതിയ പന്ത്രണ്ട്‌ കഥകളാണ് വാങ്കയിലുള്ളത് . വാന്കയുടെ ചില ഭാഗങ്ങള്‍ അഞ്ചാം ക്ലാസ്സിലെ കൂട്ടുകാര്‍ക്ക് പഠിക്കാനുണ്ട് . കൂട്ടുകാരുടെ മനസ്സിന്റെ സങ്കടങ്ങള്‍ കൂട്ടുകാര്‍ക്കായി ഈ കുഞ്ഞു പുസ്തകത്തിലൂടെ പകര്‍ന്നു തരുന്നു . ശ്രീ റ്റി എന്‍ പ്രകാശ്‌ പുനരാഖ്യാനം നടത്തിയിട്ടുള്ള ഈ പുസ്തകം ഡി സി ബുക്സ്‌ മാമ്പഴം സീരീസില്‍പെടുത്തിയാണ്  പ്രസിദ്ധീകരിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഈ പുസ്തകം കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തുമല്ലോ ...
മികച്ച വിദ്യാത്ഥികള്‍ക്കായി വിദ്യാലയങ്ങളെ ഒരുക്കാം

 
ഇന്ത്യയിലെ മികച്ചതെന്നു കരുതപ്പെടുന്ന വിദ്യാലയങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീ അരുണ്‍കപൂര്‍ എഴുതിയിട്ടുള്ള ഒരു പുസ്തകമാണിത് . സിദ്ധാന്തങ്ങളെക്കാള്‍ പ്രവര്‍ത്തനമേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന ഈ പുസ്തകത്തില്‍ പഠനത്തെകുറിച്ചും വിദ്യാലയ അന്തരീക്ഷത്തെകുറിച്ചും പ്രതിപാദിക്കുന്നു . പഠനത്തിന്‍റെ കാര്യത്തില്‍ ഗൃഹാന്തരീക്ഷത്തിന്‍റെ പ്രാധാന്യം ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു . കൂട്ടുകാരുടെ സ്വഭാവത്തെ മുന്‍നിര്‍ത്തി അച്ഛനുമമ്മയും അധ്യാപികയും എടുക്കേണ്ട തീരുമാനങ്ങള്‍ , വിവിധ പഠന ബോധന രീതികള്‍ , കരിക്കുലത്തില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം , സാധ്യതകള്‍ , എന്നിവയൊക്കെ ഉദാഹരണസഹിതം വിശദീകരിക്കുന്ന ഈ പുസ്തകം തീര്‍ച്ചയായും അധ്യാപകര്‍ വായിച്ചിരിക്കേണ്ടതാണ് .

No comments:

Post a Comment