UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Thursday, 28 November 2013

എ ഇ ഒയുടെ ഡയറി 10

ഒന്നാം ക്ലാസ്സ്‌ ഒന്നാം തരം

   വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ട്ടം ഒന്നംതരത്ത്തിലെ പ്രവര്‍ത്തനങ്ങള്‍ നോക്കിക്കാണാനാണ് . ഒരു നല്ല ശ്രോതാവായി , നിരീക്ഷകനായി , പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ഞാന്‍ കൂട്ടുകാരുടെ കൂടെ കൂടും . കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ മൂന്ന് സ്കൂളുകളില്‍ കൂടി സന്ദര്‍ശനം നടത്തിയിരുന്നു . പ്രസ്തുത വിദ്യാലയങ്ങളിലെ ചില അനുഭവങ്ങളിലൂടെ ........

ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍ കിടാരക്കുഴി 

നന്മയാര്‍ന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട് . നന്നായി ചിത്രം വരയ്ക്കുന്ന ഒരു കൂട്ടുകാരനെ ഇവിടെ പരിചയപ്പെട്ടു ."അഖില്‍ "അവന്റെ ചിത്രങ്ങളുടെ പൂര്‍ണ്ണത എന്നെ അത്ഭുതപ്പെടുത്തി .... 


ഇവിടെ നഴ്സറി കൂട്ടുകാര്‍ക്കായി അമ്മമാര്‍ രചനകള്‍ നടത്തുന്നു . ചെറുപാട്ടുകള്‍, കഥകള്‍, വിവരണങ്ങള്‍, കളികള്‍ എന്നിവ അമ്മമാരുടെ സഹായത്തോടെയാണ് അധ്യാപിക കൂട്ടുകാര്‍ക്ക് നല്‍കുന്നത് . അതിനുവേണ്ടി അമ്മമാര്‍ വായനാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പഠന  കൂട്ടായ്മയില്‍ പങ്കെടുക്കുകയും ചെയ്യുന്നു . 
മറ്റൊരു  വിശേഷം പത്രങ്ങളുടെ പ്രത്യേകപതിപ്പുകളും ചിത്രങ്ങളും വാര്‍ത്തകളും ചേര്‍ത്ത്‌ തയ്യാറാക്കിയ വിജ്ഞാനകോശമാണ് .


 ഇതു പഠനപ്രവര്ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു . പ്രഥമാധ്യാപിക വിവിധ ദിനാഘോഷങ്ങളില്‍ കൂട്ടുകാര്‍ക്കായി നല്‍കാന്‍ രചിച്ച കവിതകള്‍ സമാഹരിച്ച ഒരു പുസ്തകവും ഞാനവിടെ കണ്ടു . ടീച്ചറെ അഭിനന്ദിച്ചശേഷമാണ് ഞാന്‍ സ്കൂളിനോട് വിട പറഞ്ഞത്‌ ...

ഗവണ്മെന്‍റ് എല്‍ പി എസ് മുട്ടയ്ക്കാട് 

ഒന്നാം ക്ലാസ്സില്‍ ആശയാവതരണ രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ അധ്യാപിക നല്‍കുന്നത് . കൂട്ടുകാരുടെ താല്പര്യം നിലനിര്‍ത്തി ചിന്തയെ ഉണര്‍ത്തി ഭാഷയുടെ ഉല്പാദനം നടക്കത്തക്കവിധം ആഖ്യാനം അവതരിപ്പിക്കുന്നു . പാഠപുസ്തകവുമായി ബന്ധപ്പെട്ട ആശയങ്ങളില്‍ നിന്ന് രൂപപ്പെടുന്ന വാക്യങ്ങളും പദങ്ങളും അക്ഷരങ്ങളും കൂട്ടുകാര്‍ക്ക് അധ്യാപിക പരിചയപ്പെടുത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട് 



ക്ലാസ്സില്‍ കണ്ട മറ്റു മികവുകള്‍ 
  • കൃത്യമായ ആസൂത്രണം , ഫലപ്രദമായ ക്ലാസ്സ്‌ മാനേജുമെന്റ്
  • ബിഗ്‌ ബുക്കിന്‍റെ ഉപയോഗവും പുനരുപയോഗവും
  •  അക്ഷരങ്ങളുടെ സ്പൈറലിംഗ്കൃത്യമായി ഉറപ്പു വരുത്തുന്നു 
  • തെറ്റുന്ന അക്ഷരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പദങ്ങള്‍, വാക്യങ്ങള്‍ ( വ്യവഹാര രൂപത്തില്‍ഉല്പെടുത്തി )എന്നിവ എഴുതാനും കാണാനുമുള്ള അവസരം 
  • ടീച്ചര്‍വേര്‍ഷന്‍ കൃത്യമായി തയാറാക്കുന്നു , അവതരിപ്പിക്കുന്നു 
  • ആവശ്യമായ ഘട്ടങ്ങളില്‍ എഡിറ്റിംഗ് നടത്തുന്നു 
  • കൂട്ടുകാരുടെ സൃഷ്ട്ടികളുടെ പ്രദര്‍ശനം , പഠനോപകരണങ്ങളുടെ ഉപയോഗം 
  •  
ഗവണ്മെന്റ് ഡി വി എല്‍ പി എസ് കോട്ടുകാല്‍ 

ഒന്നാം ക്ലാസ്സിലെ എല്ലാ കൂട്ടുകാര്‍ക്കും ഇവിടെ എന്റെ കൈയെഴുത്തു പുസ്തകമുണ്ട് . ക്ലാസ്സ്മുറിയിലെ പഠനപ്രവര്ത്തനങ്ങളിലൂടെ കൂട്ടുകാര്‍ നിര്‍മ്മിക്കുന്ന പദങ്ങള്‍ , വാക്യങ്ങള്‍, വ്യവഹാരരൂപങ്ങള്‍ എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കാനുള്ള പുസ്തകം . ഈ പുസ്തകങ്ങള്‍ ക്ലാസ്സില്‍ തന്നെ സൂക്ഷിക്കുന്നു . ക്ലാസ്സ്‌ പി റ്റി എ യോഗങ്ങളില്‍ വച്ച് രക്ഷിതാക്കള്‍ക്ക് ഇതു കാണാന്‍ അവസരം ലഭിക്കുന്നു . തന്‍റെ കുട്ടികളുടെ എഴുത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് ടീച്ചറിനും രക്ഷിതാവിനും ഇതു ഏറെ സഹായകമാകുന്നു . കൂട്ടുകാര്‍ക്ക് സ്വയം വിലയിരുത്തലിനുള്ള ഒരു ഫലപ്രദമായ ഉപകരണമായും ഈ പുസ്തകം മാറുന്നു . 
       ഞാന്‍ സ്കൂളിലെത്തുമ്പോള്‍ കൂട്ടുകാരും അധ്യാപികയും ചേര്‍ന്ന് പാവകളുടെ കൂടാരം ഒരുക്കുന്ന തിരക്കിലായിരുന്നു . കൗതുകത്തോടെ ഞാനും കൂടി .... കൂട്ടുകാര്‍ കൊണ്ടുവന്ന പലതരം പാവകള്‍...... അത് കൂടാരത്തിനകത്ത് ക്രമീകരിച്ചു . 


തുടര്‍ന്ന് പാവകള്‍ തമ്മിലുള്ള സംഭാഷണം എഴുതുന്ന തിരക്കിലായി അവര്‍ . കൂട്ടുകാര്‍ പറയുന്ന സംഭാഷണങ്ങള്‍ ടീച്ചര്‍ ബി ബി യില്‍ എഴുതി .... പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നതിനിടയില്‍ ഞാന്‍ ടീച്ചറിന്റെ ശേഖരങ്ങള്‍ പരിശോധിച്ചു . 


ഒരു ഇരുമ്പ് പെട്ടി നിറയെ സാധനങ്ങള്‍ കൂട്ടുകാര്‍ക്ക് വേണ്ട ക്രയോണ്‍സ്‌, പെന്‍സിലുകള്‍ , ഈര്‍ക്കില്‍ കെട്ടുകള്‍ , മഞ്ചാടിക്കുരു, തുടങ്ങി നിരവധി സാധനങ്ങള്‍ . കൂട്ടത്തില്‍ തന്‍റെ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ ടീച്ചിംഗ് മാന്വലുകളും അധ്യാപിക നിധിപോലെ സൂക്ഷിക്കുന്നുണ്ട് .അവ ഇപ്പോള്‍ റഫറന്‍സ് മെറ്റീരിയലുകളായി അവര്‍ ഉപയോഗിക്കുന്നു .

No comments:

Post a Comment