UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Saturday 9 November 2013

എ ഇ ഓ യുടെ ഡയറി 8

സമ്മാനപ്പെരുമഴയുമായി പോങ്ങില്‍ എം കെ എം എല്‍ പി സ്കൂള്‍ 

തൊട്ടതൊക്കെ പൊന്നാക്കുന്ന വിദ്യാലയം .... ഇവിടെ അധ്യാപകര്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുന്നു ....അതിന്റെ അടയാളങ്ങള്‍ സ്കൂളില്‍ ദൃശ്യമാണ് . എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രഥമഅധ്യാപിക നേതൃത്വം നല്‍കുന്നു . എല്ലാ അധ്യാപകരും റ്റി എം കൃത്യമായി എഴുതിയാണ് കൂട്ടുകാര്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത് . ബഹിരാകാശവാരാഘോഷവുമായി ബന്ധപ്പെട്ട് സുവര്‍ണ്ണറോക്കറ്റ് നാലാം തവണയും കരസ്ഥമാക്കിയ ഏകവിദ്യാലയമാണ് എം കെ എം എല്‍ പി സ്കൂള്‍ 


എല്ലാ ക്ലാസ്സുകളിലും പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുന്നു . ഓഫീസ്മുറിയിലും ഇതിനുള്ള സംവിധാനമുണ്ട് 


വിദ്യാലയത്തിന്റെ ചുവരുകള്‍ ഇളക്കിമാറ്റാവുന്ന ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് 


മംഗല്‍യാന്റെ (ചൊവ്വാദൗത്യം ) ഒരു നിശ്ചലദൃശ്യം കൂട്ടുകാര്‍ക്കുവേണ്ടി സ്കൂള്‍ വളപ്പില്‍ മനോഹരമായി ഒരുക്കിയിരിക്കുന്നു . സ്കൂള്‍ വളപ്പിലെ വൃക്ഷങ്ങള്‍ക്ക് പേരുകള്‍ നല്‍കിയിട്ടുണ്ട് . വിവിധ പ്രവര്‍ത്തനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേക ഇടം ഒരുക്കിയിരിക്കുന്നു . മാതൃകാപരമായ അസംബ്ലിയും പഠനപ്രവര്‍ത്തനങ്ങളും ഈ വിദ്യാലയത്തിന്റെ മികവുകളാണ്

സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ കരുത്തുമായി ഗവണ്‍മെന്റ് യു പി എസ് അതിയന്നൂര്‍ ......

നാഷണല്‍ ഹൈവേയില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയം...... ഈ അധ്യയനവര്‍ഷം അഞ്ചാം തവണയാണ് ഞാനിവിടെ എത്തുന്നത് . അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ വളരെയധികം മുന്നേറിയിരിക്കുന്നു ഈ വിദ്യാലയം ... പഠനപ്രവര്‍ത്തനങ്ങള്‍ പ്രക്രിയാബന്ധിതമായി നടക്കുന്നു . എല്ലാ ക്ലാസ്സുകളിലും നിശ്ചിത സമയം ഞാന്‍ ചെലവഴിച്ചു .... ഓരോ ക്ലാസിലെയും പ്രതിഭകളെ പരിചയപ്പെട്ടു ... അവര്‍ക്ക് ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കി ...
ഞാന്‍ കണ്ട മികവുകള്‍ 

  • സ്കൂളില്‍ അക്കാദമിക ഫയലുകള്‍ സൂക്ഷിക്കുന്നു .... അവയില്‍ പ്രധാനം സ്കൂള്‍ മികവുകളുടെ രേഖകള്‍ , പ്രത്യേക പ്രവര്‍ത്തനങ്ങളുടെ  റിപ്പോര്‍ട്ടുകള്‍ ,പ്രഥമാധ്യാപകന്റെ പ്രത്യേക രേഖപ്പെടുത്തലുകള്‍ , പ്രശ്നോത്തരിക്കുള്ള ഫയലുകള്‍ , മികവിന്റെ പുസ്തകം ,മൂല്യനിര്‍ണ്ണയ വിലയിരുത്തലുകള്‍ , കൂട്ടുകാരുടെ മികവുറ്റ സൃഷ്ട്ടികള്‍ - ശേഖരം എന്നിവയാണ് 
  • എന്നും രാവിലെ ഒന്‍പതു മണിക്ക് കൂട്ടുകാര്‍ ഒരുമിച്ചു ചേരുന്നു . ഗ്രൂപ്പായി അവരുടെ ക്ലാസ്സ്‌ റൂം അനുഭവങ്ങള്‍ , മികവുകള്‍ പങ്കുവയ്ക്കുന്നു .ഒന്ന് മുതല്‍ ഏഴ് വരെയുള്ള കുട്ടികള്‍ മിക്സഡ് ഗ്രൂപ്പുകളായി ചില പൊതുവായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു . മേല്‍നോട്ടത്തിന് അധ്യാപകരുടെ സാന്നിധ്യവും ......
  • എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് ഒന്നരയ്ക്ക് പ്രശ്നോത്തരിയും ചൊവ്വാഴ്ച പ്രസംഗ മത്സരവും നടക്കുന്നു . വിഷയം മുന്‍കൂട്ടി കൂട്ടുകാരെ അറിയിക്കുന്നു 
  • ബുധന്‍ ,വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ക്ലബ്ബ്‌ പ്രവര്‍ത്തനങ്ങള്‍ 
  • അഭിമുഖം , സംവാദം , പുറംവാതില്‍ പഠനം എന്നിവ എല്ലാ ക്ലാസ്സുകളിലും നടക്കുന്നു 
  • കൂട്ടുകാരുടെ മികവുകള്‍ പ്രസിദ്ധീകരിക്കുന്നതിനു പത്രവും ബ്ലോഗും ....
  • സമ്മാനങ്ങള്‍ നല്‍കുന്നതിന് സമ്മാനസഞ്ചി 

ഒന്നാം ക്ലാസ്സിലെ കൂട്ടുകാരുടെ ബുക്കുകളില്‍ ഞാന്‍ പെന്‍സില്‍ കൊണ്ട്എന്റെ പേരെഴുതി നല്‍കി .... ആ കുരുന്നുകളുടെ കണ്ണുകളില്‍ വിടര്‍ന്ന സന്തോഷം വിവരണാതീതം ...


അപ്പോള്‍ അവര്‍ക്ക്‌ ഒരു ആഗ്രഹം . ഒരു ഫോട്ടോ കൂടി എടുക്കണം . ഞാന്‍ മൊബൈല്‍ ടീച്ചര്‍ക്ക് കൈമാറി . ടീച്ചര്‍ എന്റെയും കൂട്ടുകാരുടെയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി 


രണ്ടാം തരത്തിലെ നിരന്ജനും അര്ച്ചിതയുംകാശിനാഥനും അവരെഴുതിയ പുസ്തകകുറിപ്പ് എന്നെ കാണിച്ചു . ഞാന്‍ വായിച്ചു നോക്കി . വടിവൊത്ത അക്ഷരത്തില്‍ ഭംഗിയായി പുസ്തകക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നു .....


നഴ്സറി ക്ലാസ്സിലെത്തി കൂട്ടുകാരുടെ കൂട്ടപ്പാട്ട് കേട്ടു...
ആറാം ക്ലാസ്സിലെത്തിയപ്പോള്‍ ടീച്ചര്‍ ഒരു കൂട്ടുകാരിയെ എന്നെ പരിചയപ്പെടുത്തി ...."ശ്രീലക്ഷ്മി " . ഇത്തവണ  നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ ശിശുദിന ആഘോഷത്തില്‍ റാലി നയിക്കുന്നത് ശ്രീലക്ഷ്മിയാണ് . അവള്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു .


 സ്കൂളിലെ പ്രസംഗ മത്സരങ്ങളിലെ അവളുടെ സജീവ സാന്നിധ്യമാണ് ഈ നേട്ടത്തിനു പിന്നില്‍ ... ഞാന്‍ ആ കൂട്ടുകാരിയെ അഭിനന്ദനം അറിയിച്ചു . 
സമയം ഒരു മണിയോടടുക്കുന്നു.....ഓഫീസില്‍ ചിലര്‍ എന്നെ കാത്തിരിക്കുന്നു ... സ്കൂളില്‍ കണ്ട കാര്യങ്ങള്‍ മലയാളത്തില്‍ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു.കൂട്ടുകാരുടെ പഠനാനുഭവങ്ങളുടെ സാക്ഷ്യങ്ങളുമായി തിരിച്ച് ഓഫീസിലേയ്ക്ക് ..........



1 comment:

  1. അതിയന്നൂര്‍ സ്കൂളില്‍ അക്കാദമിക സന്ദര്‍ശനം നടത്തി അധ്യാപകരുടെ കഴിവുകളും കൂട്ടുകാരുടെ മികവുകളും നേരില്‍ കണ്ടു പ്രോത്സാഹിപ്പിച്ച ഹൃഷികേശ് സാറിന് നന്ദി ...... സാറിന്റെ ക്ലാസ്സ്‌ മുറിയിലെ ഇടപെടലുകള്‍ വൈവിധ്യമുള്ളതായിരുന്നു.....കൂട്ടുകാര്‍ സാറിന്റെ വിശേഷങ്ങള്‍ അന്വേഷിക്കാറുണ്ട്

    ReplyDelete